പള്ളിക്കൽ ‣ നാശോന്മുഖമായി കിടന്നിരുന്ന ഒരു ജലസ്രോതസ്സിനെ നാടിന് ഉപകാരപ്രദമായ രീതിയിൽ പുനരുജ്ജീവിപ്പിച്ച് പള്ളിക്കൽ ഗ്രാമപഞ്ചായത്തിന് അഭിമാന നേട്ടം.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 'മാതാംകുളം' നവീകരിച്ച മികച്ച മാതൃകാ പ്രവർത്തനത്തിനാണ് പള്ളിക്കലിന് ജില്ലാതല അംഗീകാരം ലഭിച്ചത്.
ജില്ലാതലത്തിൽ തിളങ്ങിയ ഈ പദ്ധതി ഇപ്പോൾ സംസ്ഥാനതല പുരസ്കാരത്തിനായുള്ള പരിഗണനയിലുമാണ്.
കാലപ്പഴക്കത്താൽ ചളിനിറഞ്ഞും സംരക്ഷണ ഭിത്തികൾ തകർന്നും ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു മാതാംകുളം.
അഞ്ചു ലക്ഷം രൂപ വിനിയോഗിച്ച് കുളത്തിലെ ചളി നീക്കം ചെയ്യുകയും, വശങ്ങൾ കെട്ടി ബലപ്പെടുത്തി സുരക്ഷയ്ക്കായി കൈവരികൾ സ്ഥാപിക്കുകയും ചെയ്തു.
ഇതോടെ കുളം കൂടുതൽ മനോഹരവും നാട്ടുകാർക്ക് ഉപയോഗപ്രദവുമായി മാറി.
അസിസ്റ്റന്റ് എൻജിനീയർ എം. രേഷ്മയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ചത്.
ഓവർസിയർ കെ.പി. മുഹമ്മദ് ഷാഫി, കെ.പി. ഫാസിൻ ജിനു, ടി. മഞ്ജുഷ, ടി. അനൂപ്, പി. ജിത്തു എന്നിവരുടെ ഏകോപിതമായ പ്രവർത്തനമാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ പദ്ധതി പൂർത്തിയാക്കാൻ സഹായിച്ചത്.
ഗ്രാമപഞ്ചായത്തിന്റെ വികസന കാഴ്ചപ്പാടിനും തൊഴിലുറപ്പ് തൊഴിലാളികളുടെ കഠിനാധ്വാനത്തിനുമുള്ള അംഗീകാരമാണ് ഈ പുരസ്കാരമെന്ന് അധികൃതർ അറിയിച്ചു.
Post a Comment