കൊച്ചി മെട്രോ റെയിൽപ്പാലത്തിന്റെ മുകളിൽനിന്നു താഴേക്ക് ചാടിയ യുവാവ് മരിച്ചു

മലപ്പുറം ● മെട്രോ റെയിൽപ്പാലത്തിന്റെ മുകളിൽനിന്നു ചാടി യുവാവ് മരിച്ചു. തിരൂരങ്ങാടി ചുള്ളിപ്പാറ സ്വദേശി വീരാശേരി കുഞ്ഞുമൊയ്തീന്റെ മകൻ നിസാറാണു മരിച്ചത്. തൃപ്പൂണിത്തുറ വടക്കേക്കോട്ട–എസ്എൻ ജങ്ഷൻ മെട്രോ സ്റ്റേഷനുകൾക്കിടയിൽ ആയിരുന്നു സംഭവം. ഇയാളെ അതീവഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

വടക്കേകോട്ടയിൽനിന്ന് തൃപ്പൂണിത്തുറയ്ക്കു ടിക്കറ്റ് എടുത്ത ശേഷമാണു നിസാർ പ്ലാറ്റ്ഫോമിൽ പ്രവേശിച്ചത്. തുടർന്നു പ്ലാറ്റ്ഫോമും മറികടന്നു പുറത്തേക്ക് ഓടുകയായിരുന്നു. ഇയാൾ പുറത്തേക്ക് കടക്കുന്നതു കണ്ടതോടെ മെട്രോ അധികൃതർ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ട്രെയിനുകളുടെ ഓട്ടം നിർത്തുകയും ചെയ്തു. പിന്നാലെ അഗ്നിശമന സേന അടക്കം സ്ഥലത്തെത്തി.

ഇയാളെ അനുനയിപ്പിച്ചു താഴെയിറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെ താഴേക്കു ചാടിയാൽ പിടിക്കുന്നതിനു വല ഉൾപ്പെടെ അഗ്നിശമന സേന തയാറാക്കി. എന്നാൽ ഇതിന് അപ്പുറത്തേക്ക് നിസാർ ചാടുകയായിരുന്നു. എന്താണ് ഇത്തരമൊരു കാര്യത്തിലേക്ക് ഇയാളെ നയിച്ചതെന്ന് വ്യക്തമായിട്ടില്ല. പരിശോധനകൾക്ക് ശേഷം മെട്രോ സർവീസ് പുനരാരംഭിച്ചു. മൃതദേഹം  പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal