തേഞ്ഞിപ്പലം സ്വദേശി ഡോ. അനീസ് എൻ സി ബി അഡീഷണൽ ഡയറക്ടർ

ചേളാരി | കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ അഡീഷണൽ ഡയറക്ടറായി തേഞ്ഞിപ്പലം വില്ലൂന്നിയാൽ സ്വദേശിയായ ഡോ സി അനീസ് ഐ ആർ എസ് ചുമതലയേറ്റു. 2013 ബാച്ച് ഐ ആർ എസ് ഉദ്യോഗസ്ഥനായ അദ്ദേഹം നേരത്തെ കസ്റ്റംസ് ഇന്റലിജൻസിലും എൻ സി ബി സോണൽ ഡയറക്ടർ, ഡൽഹി ജി എസ് ടി ജോയിന്റ് കമ്മീഷണർ ഉൾപ്പെടെ നിരവധി സുപ്രധാന ചുമതലകളും വഹിച്ചിട്ടുണ്ട്. ലഹരിവിരുദ്ധ ബോധവത്കരണം, അന്വേഷണ ഉദ്യോഗസ്ഥരുടെ ശേഷിവികസനം, കെ-9 (ഡിറ്റക്ഷൻ ഡോഗ്) സംവിധാനത്തിന്റെ ഏകോപനം എന്നിവയിലും ഡോ. അനീസ് സമഗ്രമായ സംഭാവനകൾ നൽകിയിട്ടുണ്ട്. 

ഇന്ത്യ-പാകിസ്ഥാൻ അതിർത്തി മേഖലയിലെ ഇന്റലിജൻസ് അധിഷ്ഠിത മയക്കുമരുന്ന് വിരുദ്ധ ഓപ്പറേഷനുകൾക്ക് നേതൃത്വം നൽകിയിട്ടുള്ള അദ്ദേഹം ബ്രിക്സ്, ബിംസ്ടെക്, ആസിയാൻ, കൊളംബോ സെക്യൂരിറ്റി കൗൺസിൽ തുടങ്ങിയ അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ച കസ്റ്റംസ് കെ-9 യൂണിറ്റുകൾ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലുമായി 600 കിലോഗ്രാമിലധികം മയക്കുമരുന്ന് വേട്ട പിടികൂടുന്നതിന് നിർണായക പങ്കുവഹിച്ചു.

വെറ്റിനറി സെയിൽസിൽ ഡോക്ടറേറ്റ് നേടിയ അനീസ് സിവിൽ സർവീസിന് മുമ്പ് കേരള വെറ്റിനറി സർവ്വകലാശാലയിലും മൃഗസംരക്ഷണ വകുപ്പിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വേൾഡ് കസ്റ്റംസ് ഓർഗനൈസേഷൻ മെറിറ്റ് അവാർഡ്, കേരള സംസ്ഥാന യുവശാസ്ത്ര പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലയിലെ റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ ചേർക്കുന്നത്ത് മൊയ്തുക്കുട്ടിയുടെയും കെ പി ഫാത്തിമക്കുട്ടിയുടെയും മകനാണ്. 
ഭാര്യ ഡോ. അനി അനീസ് കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയത്തിൽ അസിസ്റ്റന്റ് കമ്മീഷണറാണ്. അസീം, മറിയം, ആദം എന്നിവർ മക്കളുമാണ്.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal