മൂന്നിയൂർ ● തലപ്പാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് തോട്ടിലേക്ക് വീണ സ്കൂട്ടർ യാത്രികനായ യുവാവിന്റെ മൃതദേഹം രണ്ട് ദിവസത്തെ തിരച്ചിലിനോടുവിൽ ലഭിച്ചു. മൂന്നിയൂർ പാറേക്കാവ് സ്വദേശിയും നിലവിൽ തലപ്പാറ വലിയ പറമ്പ് സ്വദേശിയുമായ ചാന്ത് അഹമ്മദ് കോയ ഹാജിയുടെ മകൻ മുഹമ്മദ് ഹാശിർ (23) ആണ് മരിച്ചത്. ഇന്ന് (ചൊവ്വ) രാവിലെ 6.30 ഓടെ ആരംഭിച്ച തിരച്ചിലിൽ കിഴക്കൻ തോട്ടിൽ മുട്ടിച്ചിറ ചോനാരി കടവിൽ നിന്ന് 100 മീറ്റർ താഴ്ഭാഗത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.
നാട്ടുകാരും ഫയർ ഫോഴ്സും ആക്സിഡന്റ് റെസ്ക്യൂ 24×7 പ്രവർത്തകരും മറ്റു സന്നദ്ധ പ്രവർത്തകരും നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം തോട്ടിൽ നിന്നും കണ്ടെത്തിയത്. തലപ്പാറ സർവീസ് റോഡിൽ വെച്ച് കിഴക്കൻ തോടിന്റെ പാലത്തിന് സമീപം ഞായറാഴ്ച വൈകിട്ട് 6.35 ഓടെയായിരുന്നു അപകടം. എതിരെ വന്ന കാർ ഇടിച്ച് തെറിച്ച ഹാഷിർ കുത്തൊഴുക്കുള്ള തോടിൽ വീഴുകയായിരുന്നു. മുഹറം പത്തിന് നോമ്പു തുറക്കുള്ള ഭക്ഷണം വാങ്ങി വരുമ്പോൾ കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡിൽ വെച്ചാണ് കാറിടിച്ചത്.
ഞായറാഴ്ച രാത്രി 12വരെ ഫയർഫോഴ്സും സന്നദ്ധ സംഘടനകളും പോലീസും തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ രാവിലെ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും എത്തി. പോലീസും ഫയർഫോഴ്സും സന്നദ്ധ സേനാംഗങ്ങളും ചേർന്ന് തെരച്ചില്‍ നടത്തിയെങ്കിലും ഏറെ വൈകിട്ടും കണ്ടെത്താനായിരുന്നില്ല.
വീതി കുറഞ്ഞതെങ്കിലും തോട്ടിലെ കുത്തൊഴുക്കും ശക്തമായ മഴയും രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിരുന്നു.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Post a Comment