തലപ്പാറ ● ചെമ്മാട്, പരപ്പനങ്ങാടി പരിസരങ്ങളിൽ സ്ഥാപനങ്ങളിലും വീടുകളിലുമായി നിരവധിയിടങ്ങളിൽ മോഷണം നടത്തി മുങ്ങിയ പ്രതിയെ സ്വകാര്യ ബസ്സിൽ നിന്നും പോലീസ് പിടികൂടി. ഒട്ടേറെ മോഷണക്കേസുകളിൽ പിടികിട്ടാപ്പുള്ളിയായ ഇയാളെ തിരൂരങ്ങാടി പോലീസ് തിരയുകയായിരുന്നു. മലപ്പുറം എംഎസ്‌പി ക്യാംപിന് സമീപത്ത് താമസിക്കുന്ന നെച്ചിക്കുന്നത്ത് വേണുഗനനെയാണു (53) തലപ്പാറയിൽ വെച്ച് പൊലീസ് അറസ്റ്റുചെയ്തത്.
ഏപ്രിൽ, ജൂൺ മാസങ്ങളിലായി കക്കാട് പിട്ടാപ്പിള്ളി ഏജൻസീസിൽ നിന്ന് 31738 രൂപ, പരപ്പനങ്ങാടി റോഡിലെ തൃക്കുളം അമ്പലപ്പടി പെട്രോൾ പമ്പിന് മുൻവശത്തുള്ള റിട്ടയേഡ് ഉദ്യോഗസ്ഥന്റെ വീട്ടിൽനിന്ന് 40000 രൂപ, ചെമ്മാട് കോഴിക്കോട് റോഡിലെ മാനീപ്പാടത്തുള്ള പെട്രോൾ പമ്പിൽ നിന്ന് 8000 രൂപ എന്നിവ മോഷ്ടിച്ച കേസിലാണ് ഇയാൾ പിടിയിലായത്. പ്രതിക്കെതിരെ മലപ്പുറം, കണ്ണൂർ ടൗൺ, വേങ്ങര, പെരിന്തൽമണ്ണ, കോട്ടക്കൽ, ബത്തേരി, മഞ്ചേരി, വളാഞ്ചേരി തുടങ്ങിയ സ്‌റ്റേഷനുകളിലായി 21 മോഷണക്കേസുകളും ഒരു കൊലപാതകക്കേസും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
തിരൂരങ്ങാടി സ്റ്റേഷൻ പരിസരത്തു താമസിച്ച് നിരവധിയിടങ്ങളിൽ പ്രതി കവർച്ച നടത്തുന്നതായി പൊലീസിനു നേരത്തെ വിവരം ലഭിച്ചിരുന്നു. ഇയാളെ കണ്ടെത്തിയാൽ വിവരം അറിയിക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പൊലീസ് അറിയിപ്പ് പ്രചരിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ഇന്നലെ ബസ് യാത്രയ്ക്കിടെ സംശയം തോന്നിയ ആൾ പൊലീസിനെ വിവരമറിയിക്കുന്നതും പിടികൂടുന്നതും.
പ്രതി താമസിച്ച വീട്ടിലും മോഷണം നടത്തിയ സ്‌ഥലങ്ങളിലും പൊലീസ് തെളിവെടുപ്പ് നടത്തി. താനൂർ ഡിവൈഎസ്‌പി പ്രമോദിൻ്റെ മേൽനോട്ടത്തിൽ സിഐ ബി.പ്രദീപ് കുമാറാണ് പ്രതിയെ അറസ്‌റ്റ് ചെയ്തത്.
എസ്‌ഐമാരായ രവി, സത്യനാഥൻ,എഎസ്ഐ സുബൈർ, സീനിയർ സിപിഒമാരായ ധീരജ്, അജീഷ്, സിപിഒമാരായ ബിജോയ്, ഷജിൻ ഗോപിനാഥ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.
إرسال تعليق