നാടിനെ നടുക്കിയ തീവണ്ടിദുരന്തം; കടലുണ്ടി ട്രെയിൻ അപകടത്തിന് 24 വയസ്സ്, അപകടം നടന്നു വർഷങ്ങൾ കഴിഞ്ഞിട്ടും ദുരന്തകാരണം റെയിൽവേക്ക് ഇന്നും അജ്ഞാതം

വള്ളിക്കുന്ന് ● 52 പേരുടെ ജീവൻ പൊലിയുകയും 222 പേർക്ക് പരിക്കേൽക്കുകയും ചെയ്ത കടലുണ്ടി തീവണ്ടിയപകടം നടന്നിട്ട് 24 വര്‍ഷം. 2001 ജൂണ്‍ 22-ന് വൈകീട്ട് 5.10നാണ് നാടിനെ നടുക്കിയ ആ ദുരന്തമുണ്ടായത്. കോഴിക്കോട് റെയിൽവേ സ്റേഷനിൽ നിന്നും വൈകുന്നേരം 4:45-ന് പുറപ്പെട്ട 6602-ാം നമ്പര്‍ മംഗലാപുരം-ചെന്നൈ എക്‌സ്പ്രസ് (മദ്രാസ് മെയിൽ) കടലുണ്ടി പുഴയുടെ മീതെ കടന്നുപോകുമ്പോൾ പാലം പൊളിയുകയും തീവണ്ടിയുടെ 3 ബോഗികൾ പുഴയിലേക്ക് പതിക്കുകയുമായിരുന്നു. പഴക്കമുള്ള പാലമായതിനാൽ ഒരു തൂണു തകർന്ന് അപകടമുണ്ടായതെന്നാണ് കരുതുന്നത്. എന്നാൽ അപകടം നടന്നു വർഷങ്ങൾ കഴിഞ്ഞും ദുരന്തകാരണം ഇപ്പോഴും റെയിൽവേക്ക് അജ്ഞാതമാണ്. 

കടലുണ്ടിയിൽ റെയിൽവേ സ്റ്റേഷൻ മാസ്റ്ററായിരുന്ന തിക്കോടി ചിങ്ങപുരം തയ്യുള്ളതിൽ രാഘവൻ നായർക്ക് മരണത്തെ മുഖാമുഖം കണ്ട ആ ദിനങ്ങൾ നടുക്കത്തോടെമാത്രമേ ഓർക്കാനാവുന്നുള്ളൂ. “2001 ജൂൺ 22 ഒരു വെള്ളിയാഴ്ചയായിരുന്നു. നല്ല മഴയുള്ള ദിവസം. രാത്രി ഒൻപത് മണിക്ക് കടലുണ്ടി റെയിൽവേസ്റ്റേഷനിൽ ഡ്യൂട്ടിക്കെത്താനാണ് കൊയിലാണ്ടിയിൽനിന്ന് 6602 നമ്പർ ചെന്നൈ മെയിലിൽ കയറിയത്. സാധാരണ ഡ്യൂട്ടിദിവസങ്ങളിലും ഈ വണ്ടിയിലാണ് പോകാറുള്ളത്. മെയിലിന് കടലുണ്ടിയിൽ സ്റ്റോപ്പില്ലെങ്കിലും അടുത്ത സ്റ്റേഷനായ പരപ്പനങ്ങാടിയിൽ ഇറങ്ങി കോയമ്പത്തൂർ-കണ്ണൂർ പാസഞ്ചറിൽ കയറി കടലുണ്ടിയിലിറങ്ങും. വൈകുന്നേരം അഞ്ചുമണി കഴിഞ്ഞ്‌ നാല് മിനിറ്റായപ്പോഴാണ് വണ്ടി കടലുണ്ടിയിലെത്തിയത്. നാനൂറ് മീറ്ററപ്പുറമുള്ള പാലത്തിലെത്തിയപ്പോഴേക്ക് സമയം അഞ്ചേ അഞ്ച്. മുന്നിലെ ഏതാനും ബോഗികൾ കടന്നപ്പോൾ ഞാൻ കയറിയ ബോഗി ആടിയുലഞ്ഞു. തലയ്ക്കുപിറകിൽ എന്തോ ശക്തമായി ഇടിച്ചതേ ഓർമയുള്ളൂ, വണ്ടി പുഴയേലേക്ക്‌ മറിയുന്നതിന് മുമ്പേ ബോധം നശിച്ചു. ഏകദേശം രണ്ട് മണിക്കൂർ കഴിഞ്ഞ്‌ ബോധം തെളിഞ്ഞപ്പോൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് ആളുകൾ കമ്പി മുറിക്കുന്നതാണ് കാണുന്നത്”.

പെരുമണ്‍ തീവണ്ടി ദുരന്തം കഴിഞ്ഞാല്‍ കേരളത്തില്‍ നടന്ന രണ്ടാമത്തെ വലിയ തീവണ്ടി അപകടമായിരുന്നു കടലുണ്ടിയിലേത്. നാട്ടുകാരുടെയും മറ്റും ഊര്‍ജിതമായ രക്ഷാപ്രവര്‍ത്തനമാണ് മരണ സംഖ്യ കുറക്കാന്‍ സഹായിച്ചത്.
ആംബുലന്‍സ് ഉള്‍പ്പടെ ദുരന്ത സ്ഥലത്ത് നിന്നും കിട്ടിയ വാഹനങ്ങളിലെല്ലാം പരിക്കേറ്റവരെയും കൊണ്ട് മെഡിക്കല്‍ കോളജിലേക്ക് പോകുന്നവരായിരുന്നു അന്ന് അവിടത്തെ റോഡുനിറയെ. അപകടത്തില്‍ പരിക്കേറ്റവരുടെയും രക്ഷാപ്രവര്‍ത്തനത്തിന്റെയുമെല്ലാം ബഹളം അന്തരീക്ഷത്തില്‍ അലയടിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് നാട്ടുകാരും തോണിക്കാരുമായിരുന്നു ആദ്യമെത്തിയത്.

ബ്രിട്ടീഷുകാരുടെ കാലത്ത്‌ നിര്‍മിച്ച ഇരുമ്പു പാലത്തിന്റെ തൂണ്‍ തകര്‍ന്നാണ്‌ അപകടമുണ്ടായതെന്നും അതല്ല പാലം തെറ്റിയാണ്‌ അപകടമെന്നുമുള്ള രണ്ടു കണ്ടെത്തലുകളില്‍ അന്വേഷണം മരവിച്ചു. ബോഗി പാളം തെറ്റിയതാണെന്ന് ഒരു വിഭാഗവും ഒരു തൂൺ ചരിഞ്ഞതോ താഴുകയോ ചെയ്തതാവാം ദുരന്തകാരണം എന്ന് മറ്റൊരു വിഭാഗവും വിശ്വസിക്കുന്നു. തകർന്ന തൂണിന്റെ മുകൾഭാഗം ഫറോക്ക് റെയിൽവേ സ്‌റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്നു. വർഷങ്ങൾക്കു ശേഷവും തകർന്ന തൂണിന്റെ ബാക്കിവരുന്ന ഭാഗം കുഴിച്ചെടുത്ത് ഇതുവരെ പരിശോധിക്കപ്പെട്ടിട്ടില്ല. ഉറ്റവര്‍ നഷ്‌ടപ്പെട്ടവരും പരുക്കു പറ്റിയവരും ദുരന്ത സ്‌മരണയില്‍ കഴിയുന്നു.ദുരന്തഓര്‍മകള്‍ക്ക് ഇന്നൊരു സ്മാരകം പോലുമില്ല. പുഴയുടെ ആഴങ്ങളില്‍ നിന്നു ജീവനറ്റ ദേഹങ്ങളും ജീവന്റെ തുടിപ്പുള്ള ശരീരവും തപ്പിയെടുത്ത് ആശുപത്രികളിലേക്ക് ഓടിയ അനേകം മനുഷ്യരുടെ ഓര്‍മയില്‍ ഇന്നും ആ നടുക്കുന്ന ഓർമയുണ്ട്. പഴയ ഇരുമ്പുപാലത്തിന്‌ പകരം പുതിയതായി നിര്‍മിച്ച കോണ്‍ക്രീറ്റ്‌ പാലത്തിലൂടെയാണ്‌ ഇപ്പോള്‍ തീവണ്ടികള്‍ ഓടുന്നത്‌.

 

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal