വിദ്യാർഥികളുടെ മിനിമം ചാർജ് 5 രൂപയാക്കണം: അനിശ്ചിതകാല സമരത്തിനൊരുങ്ങി സ്വകാര്യ ബസ് ഉടമകൾ

കോഴിക്കോട് ● സംസ്ഥാനത്ത് വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ്സുകള്‍ പ്രക്ഷോഭത്തിലേക്ക്. ജൂലൈ എട്ടിന് സൂചനാ സമരം നടത്താനാണ് ബസ് ഉടമകളുടെ തീരുമാനം. ഇന്നലെ തൃശൂരില്‍ ചേര്‍ന്ന ബസ് ഉടമകളുടെ സംയുക്തസമിതി യോഗമാണ് തീരുമാനം എടുത്തത്. വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കണമെന്നതാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. സൂചന പണിമുടക്ക് നടത്തിയിട്ടും കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ജൂലൈ 22 മുതല്‍ അനിശ്ചിതകാല സമരം നടത്താനാണ് ധാരണ. 

സ്വകാര്യ ബസുകളില്‍ കയറുന്നതില്‍ ബഹുഭൂരിപക്ഷവും വിദ്യാര്‍ത്ഥികളാണ്. ഇവരില്‍ നിന്നും മിനിമം നിരക്കായ ഒരു രൂപ വാങ്ങി സര്‍വീസ് മുന്നോട്ടു കൊണ്ടുപോകാനാകില്ല.പൊതു യാത്രാനിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും വിദ്യാർഥികളുടെ യാത്രാനിരക്ക് 50 ശതമാനമാക്കി നിജപ്പെടുത്തണമെന്ന ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാനാണ് ആവശ്യപ്പെടുന്നതെന്ന് ഉടമകൾ വ്യക്തമാക്കി. ബസ് നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ക്ക് മേല്‍ സര്‍ക്കാര്‍ അടയിരിക്കുകയാണ് ചെയ്യുന്നതെന്നും പൊതു യാത്രാനിരക്ക് വർധന കൊണ്ട് സ്വകാര്യ ബസുടമകളേക്കാൾ നേട്ടമുണ്ടാകുന്നത് കെഎസ്ആർടിസിക്കു മാത്രമാണെന്നും സമരസമിതി കുറ്റപ്പെടുത്തി.

140 കിലോമീറ്റർ ദൂരത്തിലധികം സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകാനുള്ള നടപടി സ്വീകരിക്കുക, വിദ്യാർഥി കൺസഷൻ കാർഡ് വിതരണം കാലോചിതമായി പരിഷ്കരിക്കുക, ബസ് ഉടമകളിൽ നിന്ന് അമിതമായി പിഴ ഈടാക്കുന്ന നടപടികൾ അവസാനിപ്പിക്കുക, ഉടമകൾക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന അശാസ്ത്രീയമായ നടപടികൾ പിൻവലിക്കുക, ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) വേണമെന്ന ഉത്തരവ് പുനഃപരിശോധിക്കുക എന്നിവയാണ് സ്വകാര്യബസ് ഉടമകളുടെ മറ്റു ആവശ്യങ്ങൾ.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal