പുലിഭീതിയിൽ മഞ്ചേരി; ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥര്‍

മഞ്ചേരി ● പുലിയെ കണ്ടതായി അഞ്ച്‌ പേര്‍ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ മഞ്ചേരിയിൽവനംവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന. കഴിഞ്ഞ രണ്ടാഴ്‌ചക്കിടെ അഞ്ച്‌ പേരാണ്‌ തൃക്കലങ്ങോട്‌ പഞ്ചായത്തില്‍ പുലിയെ കണ്ടതായി വിവരം നൽകിയത്. ആദ്യം ചെരണി-പന്നിപ്പാറ റോഡില്‍ രണ്ടു പേര്‍ പുലിയെ കണ്ടതായി പറഞ്ഞിരുന്നു. എന്നാല്‍ മതിയായ തെളിവില്ലാത്തതിനാല്‍ ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥര്‍ ഇത്‌ മുഖവിലക്കെടുത്തിരുന്നില്ല. ഇക്കഴിഞ്ഞ 11ന്‌ പത്തരക്ക്‌ വീണ്ടും മരത്താണി-കിടങ്ങഴി റോഡില്‍ പുലിയെ കണ്ടതായി പള്ളിയാളി നിധിന്‍ എന്ന ബൈക്ക്‌ യാത്രികനും കൂടി പറഞ്ഞതോടെ നാട്ടുകാരില്‍ ആശങ്കയേറിയിരിക്കയാണ്‌. വാര്‍ഡ്‌ അംഗം കെ.ടി. ലൈല ജലീലും വില്ലേജ്‌ ഓഫീസര്‍ നാരായണന്‍കുട്ടിയും സ്‌ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

പുലിയുടേതെന്ന്‌ സംശയിക്കുന്ന കാല്‍പ്പാടുകള്‍ ഫോട്ടോയെടുത്ത്‌ വനംവകുപ്പുദ്യോഗസ്‌ഥര്‍ക്ക്‌ അയച്ചു നല്‍കിയെങ്കിലും ഇത്‌ പുലിയുടേതല്ലെന്ന്‌ പറഞ്ഞ്‌ കയ്യൊഴിയുകയായിരുന്നു. 
പുലി ഭീതിയില്‍ നാട്ടുകാര്‍ കഴിയുമ്പോള്‍ ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥര്‍ ഇതിന്‌ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന്‌ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം രാത്രി എട്ടരക്ക്‌ മരത്താണി പുല്‍ക്കലക്കണ്ടി ഭാഗത്ത്‌ സുനില്‍ പേരൂരും 12.30ന്‌ ജോലി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങുകയായിരുന്ന കൊങ്ങന്‍ നിസാമും പുലിയെ കണ്ടതായി വാര്‍ത്ത പരന്നു. 

മേലേ മരത്താണി സ്വദേശികളായ നിസാം കൊങ്ങന്‍, സുനീര്‍ പേരൂര്‍ എന്നിവരാണ്‌ പുലിയെ കണ്ടതായി അവകാശപ്പെട്ടത്‌. ഇതോടെ ഭയവിഹ്വലരായ നാട്ടുകാര്‍ വനം വകുപ്പിന്‌ പരാതി നല്‍കി. ഇതിന്റെ അടിസ്‌ഥാനത്തില്‍ എടവണ്ണ റേഞ്ച്‌ ഫോറസ്‌റ്റ് ഓഫിസിന്‌ കീഴിലെ ബീറ്റ്‌ ഫോറസ്‌റ്റ് ഓഫിസര്‍മാര്‍ ഇന്നലെ സ്‌ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ സ്ഥലത്ത് പുലിയുടേതെന്ന്‌ സംശയിക്കുന്ന കാല്‍പാടുകളൊന്നും കണ്ടെത്താനായില്ല. എങ്കിലും രാത്രി 10ന്‌ ശേഷം പുറത്തിറങ്ങരുതെന്നും കന്നുകാലികളെ വളര്‍ത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ നിര്‍ദേശം നല്‍കി. പുലിയെ കണ്ടെന്ന്‌ പറയുന്ന രണ്ട്‌ സ്‌ഥലങ്ങളിലും ഉദ്യോഗസ്‌ഥര്‍ പരിശോധിച്ചു. മഞ്ചേരി നഗരസഭയുടെയും തൃക്കലങ്ങോട്‌ പഞ്ചായത്തിന്റെയും അതിര്‍ത്തി പ്രദേശമാണിത്‌.

കഴിഞ്ഞ മാര്‍ച്ച്‌ നാലിന്‌ തൃക്കലങ്ങോട്‌ കുതിരാടത്ത്‌ ജനവാസ മേഖലയില്‍ പുലി ഏഴ്‌ ആടുകളെ കടിച്ചുകൊന്നിരുന്നു. 
നെല്ലിക്കുന്ന്‌ വള്ളിയേമ്മല്‍ എന്‍.സി. കരീമിന്റെ ഫാമിലെ ആടുകളെയാണ്‌ പുലി ആക്രമിച്ചത്‌. എന്നാല്‍ അന്ന്‌ തന്നെ വനം വകുപ്പ്‌ സ്‌ഥാപിച്ച കെണിയില്‍ പുലി അകപ്പെട്ടതോടെ ആശങ്ക ഒഴിഞ്ഞു. പിന്നീട്‌ നെടുങ്കയത്ത്‌ നിന്നും 20 കിലോമീറ്റര്‍ ദൂരെയുള്ള വനത്തിലേക്ക്‌ പുലിയെ തുറന്നു വിടുകയായിരുന്നു. രണ്ട്‌ മാസത്തിന്‌ ശേഷമാണ്‌ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നത്‌. ബീറ്റ്‌ ഫോറസ്‌റ്റ് ഓഫിസര്‍മാരായ പി. പ്രബീഷ്‌, പി.കെ. ജോണ്‍സണ്‍, ഫോറസ്‌റ്റ് വാച്ചര്‍ എം.ആര്‍. ബാബു, തൃക്കലങ്ങോട്‌ വില്ലേജ്‌ ഓഫിസര്‍ കെ. നാരായണന്‍കുട്ടി, 22-ാം വാര്‍ഡ്‌ അംഗം ലൈല ജലീല്‍, കെ ടി ജലീല്‍ എന്നിവരുടെ നേത്യത്വത്തിലാണ്‌ പരിശോധന നടത്തിയത്‌.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal