യുദ്ധമുഖത്ത് നിന്നും നാടണഞ്ഞ സന്തോഷത്തില്‍ ചെണ്ടപ്പുറായ സ്വദേശി അഫ്സല്‍

പെരുവള്ളൂർ ● ഇറാനിലെ യുദ്ധമുഖത്ത് നിന്നും നടുക്കുന്ന ഓര്‍മ്മകളുമായി അഫ്സല്‍ വീടണഞ്ഞു. തെഹ്റാനിൽ പൊട്ടിത്തെറികൾക്കിടയില്‍ രണ്ടാഴ്ചക്കാലം ഭീതിയില്‍ കഴിഞ്ഞ ശേഷമാണ് ചെണ്ടപ്പുറായ സ്വദേശി ഈന്തുംമുള്ളൻ സൈദലവിയുടെ മകൻ അഫ്സൽ (38) നാട്ടിലെത്തിയത്.
സഹയാത്രികനായ പറപ്പൂര്‍ വീണാലുക്കല്‍ സ്വദേശി തേങ്ങാകൂടന്‍ മുഹമ്മദ്‌ നദീം (48) ജോലി സ്ഥലമായ ദുബൈയിലും തിരിച്ചെത്തി. 

ദുബൈ നെക്സ്റ്റ് പവർ കമ്പനിയിൽ ജോലി ചെയ്യുന്ന ഇരുവരും ജോലിയുടെ ഭാഗമായാണ് ജൂൺ ഒമ്പതിനു ഇറാനിലേക്ക് തിരിച്ചത്. ഒരാഴ്ച ഇറാനിൽ തങ്ങി ദുബായിലേക്ക് തന്നെ തിരിച്ചു വരാനിരിക്കെയാണ് അപ്രതീക്ഷിതമായി യുദ്ധം തുടങ്ങിയത്. ടെൽ അവീവിൽ ആക്രമണം തുടങ്ങിയതോടെ രക്ഷപ്പെടാന്‍ മാര്‍ഗങ്ങള്‍ തേടി. തെഹ്‌റാനിൽ മിസൈൽ വർഷം ആരംഭിച്ചതോടെ റോഡ് മാർഗമുള്ള ഗതാഗതവും തടസ്സപ്പെട്ടു. നൂറ് മീറ്ററർ അകലെ വൻ സ്ഫോടനമുണ്ടായത് മരണം മുന്നിൽ കണ്ട നിമിഷങ്ങളായിരുന്നുവെന്നു ഇവർ പറയുന്നു. തൊട്ടടുത്ത് തന്നെയുള്ള ഭൂഗർഭ മെട്രോയിൽ എത്തിയതോടെയാണ് ഇരുവരും സുരക്ഷിതരായത്. 

തലയ്ക്ക് മുകളിൽ ചീറിപ്പായുന്ന മിസൈലുകളും സ്ഫോടന ശബ്ദങ്ങളും, ഭീതിയുടെ ദിനങ്ങള്‍. ഇവിടെ നിന്ന് കുടുംബസമേതം രക്ഷ തേടി പോവുന്ന സ്വദേശി കുടുംബത്തോടോപ്പം ചേര്‍ന്ന് യസ്ദിലെത്തി. വെള്ളിയാഴ്ച ദുബായിലേക്ക് ചെറിയ കപ്പലില്‍ യാത്ര തിരിക്കാൻ ഇറാനിലെ ഇവരുടെ സുഹൃത്ത് യാത്ര സൗകര്യമൊരുക്കി. കപ്പല്‍ യാത്ര തിരിക്കുന്നതിനു മണിക്കൂറുകൾക്ക് മുമ്പ് കപ്പല്‍ യാർഡിനടുത്തുള്ള റിഫൈനറിയിൽ ഇസ്രായേൽ ബോംബിട്ടു. അതോടെ യാത്രയും മുടങ്ങി. പൊട്ടിത്തെറിയെ തുടർന്ന് ഓടി രക്ഷപ്പെടുന്നതിനിടെ വഴിയിൽ തടഞ്ഞു നിർത്തിയ ആയുധ ധാരികളായ ഇറാനിയൻ പോലീസ് ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞു നിർത്തി ദേഹ പരിശോധന നടത്തി വിട്ടയച്ചു. പിന്നീട് ഞായറാഴ്ച ബന്ധർ ലങ്ക കപ്പല്‍ യാർഡിൽ നിന്നും ദുബായ് തീരത്തേക്ക് ചെറിയ യാത്രാകപ്പലിൽ കയറിപ്പറ്റി. 

കടൽ ക്ഷോഭം കാരണം ഒരു ദീപിൽ കപ്പൽ അടുപ്പിച്ചെങ്കിലും വൈകുന്നേരം ഏഴു മണിയോടെ ഷാർജയിൽ കപ്പലടുത്തു. ഷാർജയിൽ കമ്പനി അധികൃതരും സുഹൃത്തുക്കളും ചേർന്ന് ദുബായിലെത്തിക്കുകയും ചെയ്തു. ദുബായിൽ നിന്നാണ് കോഴിക്കോട്ടേക്ക് അഫ്സല്‍ വിമാനം കയറിയത്. നാട്ടിലെത്തിയ സന്തോഷത്തില്‍ എല്ലാവരോടും നന്ദിയുണ്ടെന്ന് അഫ്സല്‍ പറയുന്നു. സഹ പ്രവര്‍ത്തകനായ
നദീം ദുബൈയിലെ ജോലിയില്‍ തന്നെ പ്രവേശിച്ചു.
ഫോട്ടോ: ഇറാനിൽ നിന്നും തിരിച്ചെത്തിയ ചെണ്ടപ്പുറായയിലെ അഫ്സല്‍ മക്കളോടൊത്ത്

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal