താമരശ്ശേരി ● മയക്കുമരുന്ന് കടത്തുന്നതിനിടെ താമരശ്ശേരി ചുരത്തിൽ ഒമ്പതാം വളവിലെ വ്യൂ പോയിന്റ് നിന്നും പൊലീസിനെ കണ്ട് കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയിൽ. മലപ്പുറം തിരൂരങ്ങാടി നന്നമ്പ്ര സ്വദേശിയായ ഷഫീക്കാണ് പിടിയിലായത്. ഓറിയന്‍റൽ കോളേജിന് പുറകിലെ കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ. ഇന്ന് രാവിലെ പരിക്കുകളോടെ കണ്ട യുവാവിനെ നാട്ടുകാർ വിവരം നൽകിയതിനെ തുടർന്നാണ് പൊലീസ് പിടികൂടിയത്.
പൊലീസിന്‍റെ വാഹന പരിശോധനയ്ക്കിടെ താമരശ്ശേരി ചുരത്തിൽ വെച്ച് ഇന്നലെയാണ് മലപ്പുറം സ്വദേശിയായ യുവാവ് കൊക്കയിലേക്ക് ചാടിയത്. വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസിനെ കണ്ട് യുവാവ് താൻ വന്ന കാർ നിർത്തിയിട്ട് കൊക്കയിലേക്ക് എടുത്തു ചാടുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ വാഹനത്തിൽ നിന്ന് 16 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു.
ഇതോടെ യുവാവിനായി പൊലീസും അഗ്നിരക്ഷാ സേനയും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് പ്രദേശത്ത് വ്യാപക തെരച്ചിൽ നടത്തിയെങ്കിലും ഇയാലെ കണ്ടെത്താനായിരുന്നില്ല. രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഇന്ന് രാവിലെ തെരച്ചിൽ നടക്കുന്നതിനിടെയാണ് നാട്ടുകാർ ഷഫീക്കിനെ അവശ നിലയിൽ കണ്ടെത്തിയത്.
إرسال تعليق