ചേലേമ്പ്ര കുറ്റിപ്പാലക്ക് സമീപം പാറയിൽ മുസ്ലിം ലീഗ് പ്രവർത്തകനെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. ഇരുപതാം വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുൽ സലാമിനെയാണ് വീട്ടിൽ അതിക്രമിച്ചു കയറി മർദ്ദിച്ചത്. സംഭവത്തിൽ സിപിഎമ്മുകാരായ രണ്ടുപേരെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. അനൂപ്, സജിത്ത് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. പ്രാദേശിക വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നടന്ന വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്.
കണ്ടാൽ അറിയാവുന്ന ആറോളം പേർ കൂട്ടം ചേർന്ന് സലാമിന്റെ വീട്ടിൽ അതിക്രമിച്ച് കടക്കുകയും സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിൽ വച്ച് കേട്ടാൽ അറക്കുന്ന ഭാഷയിൽ തെറിയഭിഷേകം നടത്തുകയും വധ ഭീഷണി മുഴക്കിയതായും പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഇരുമ്പ് വടി ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയതിനെ തുടർന്ന് ഗുരുതര പരിക്കുകളോടെ അബ്ദുസ്സലാമിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഏറെ സമാധാനം നിലനിൽക്കുന്ന ചേലേമ്പ്രയിൽ അക്രമം അഴിച്ചുവിട്ട് സമാധാനാന്തരീക്ഷം തകർക്കാൻ സിപിഎം ആസൂത്രിതമായ നീക്കമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഇത് ഒരു കാരണവശാലും അനുവദിക്കില്ലെന്നും മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി വ്യക്തമാക്കി. സംഭവത്തിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തു
അക്രമികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിച്ചുകൊണ്ട്
നാട്ടിൽ ക്രമസമാധാനം നിലനിർത്തണമെന്നും മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് ചേലേമ്പ്ര കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് ചാലിപറമ്പ് ചക്കുവളവിൽ വെച്ച് പ്രതിഷേധ സംഗമമവും സംഘടിപ്പിച്ചിരുന്നു.
Post a Comment