തേഞ്ഞിപ്പലം ‣ ശ്രീനിവാസന്റെ ഓര്‍മകളില്‍ പച്ചവിരിച്ച് കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസ്. വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും ചേര്‍ന്ന് കാമ്പസില്‍ അയ്യായിരം വൃക്ഷത്തൈകള്‍ നട്ടുപരിപാലിക്കുന്ന ' ഒരാള്‍ ഒരു മരം ' പദ്ധതിക്ക് തൈനട്ട് തുടക്കമിട്ടത് ശ്രീനിവാസനായിരുന്നു. 2016 ജൂണ്‍ ആറിന് നടന്ന ചടങ്ങില്‍ സര്‍വകലാശാലാ ഹെല്‍ത് സെന്റര്‍ പരിസരത്ത് അദ്ദേഹം പ്ലാവിന്‍ തൈനട്ടതോടെയായിരുന്നു തുടക്കം.
തൈ നടീല്‍ പദ്ധതിക്ക് മുഖ്യാതിഥിയായി എത്തണമെന്ന ഫോണിലൂടെ അഭ്യര്‍ഥിച്ചപ്പോള്‍ തന്നെ തീര്‍ച്ചയായും എത്താം എന്ന് പ്രകൃതി സ്‌നേഹി കൂടിയായ ശ്രീനിവാസന്‍ ഉറപ്പുനല്‍കിയ കാര്യം സര്‍വകലാശാലയില്‍ നിന്നു വിരമിച്ച ഗ്രീന്‍ കമ്മിറ്റി കണ്‍വീനര്‍ ഡോ. ജോണ്‍ ഇ. തോപ്പില്‍ ഓര്‍മിച്ചു. നടാനായി നാടന്‍ വൃക്ഷഇനങ്ങള്‍ തന്നെ തിരഞ്ഞെടുത്തതിനെ ശ്രീനിവാസന്‍ പ്രത്യേകം അഭിനന്ദിച്ചു. വനംവകുപ്പിന്റെ സാമൂഹിക വനവത്കരണവിഭാഗവും കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയും ചേര്‍ന്നാണ് സര്‍വകലാശാലക്ക് തൈകള്‍ ലഭ്യമാക്കിയത്.
ശ്രീനിവാസന്റെ നര്‍മം തുളുമ്പുന്ന സംസാരം കേള്‍ക്കാന്‍ സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ തിങ്ങി നിറഞ്ഞ സദസ്സായിരുന്നു. എസ്റ്റേറ്റ് തൊഴിലാളികള്‍, ഗാര്‍ഡനര്‍മാര്‍ എന്നിവര്‍ക്കൊപ്പമെല്ലാം ഫോട്ടോയെടുക്കാനും അദ്ദേഹം സമയം കണ്ടെത്തി. അന്നത്തെ വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. പി. മോഹന്‍, രജിസ്ട്രാര്‍ ഡോ. ടി.എ. അബ്ദുള്‍മജീദ്, ഗാഡ്ഗില്‍ കമ്മിറ്റി അംഗം വി.എസ്. വിജയന്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു.
ഫോട്ടോ: 'ഒരാള്‍ ഒരു മരം ' പദ്ധതിക്കായി കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ ശ്രീനിവാസന്‍ തൈ നടന്നു. അന്നത്തെ വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ സമീപം
إرسال تعليق