പൂക്കിപ്പറമ്പ് ബസ് അപകടം; 25 വർഷത്തിന് ശേഷം ശിക്ഷ വിധിച്ച് ഹൈക്കോടതി; ഡ്രൈവർക്ക് അഞ്ചുവർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും

മലപ്പുറം ‣ 44 പേർ വെന്തുമരിച്ച പൂക്കിപ്പറമ്പ് ബസ് അപകടത്തിൽ നീണ്ട 25 വർഷങ്ങൾക്ക് ശേഷം അപകടത്തിൽപ്പെട്ട ബസിന്റെ ഡ്രൈവർ കുറ്റക്കാരനെന്ന് വിധിച്ച് ഹൈക്കോടതി. ഡ്രൈവർ രാമനാട്ടുകര സ്വദേശി സുധീർ കുമാറിനെ നരഹത്യയ്ക്ക് അഞ്ചുവർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ചുമത്താൻ ജസ്റ്റിസ് എ.ബദ്‌റുദ്ദീന്റെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടു

2001 മാർച്ച് 11 നാണ് മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിൽ നാടിനെ നടുക്കിയ ബസ് അപകടം ഉണ്ടായത്.ഗുരുവായൂരിൽ നിന്ന് തലശേരിയിലേക്ക് സർവീസ് നടത്തിയിരുന്ന പ്രണവം എന്ന സ്വകാര്യ ബസാണ് പൂക്കിപ്പറമ്പിൽ അപകടത്തിൽപ്പെട്ടത്.ബസ് മുന്നിലുണ്ടായിരുന്ന അംബാസഡർ കാറിലിടിച്ച് പൂർണമായും കത്തിയമരുകയായിരുന്നു. 44 പേർ വെന്തുമരിച്ച അപകടത്തിൽ നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

എന്നാൽ കേസിൽ ഏക പ്രതിയായ ബസ് ഡ്രൈവറെ മനപ്പൂർവമുള്ള നരഹത്യയല്ലെന്ന് ചൂണ്ടിക്കാട്ടി അസിസ്റ്റന്റ് സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
ഈ വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് ഇപ്പോൾ ഹൈക്കോടതിയുടെ വിധി വന്നത്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് കോടതി കണ്ടെത്തൽ. സാക്ഷിമൊഴികളുടെയും ആർടിഒ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് 25 വർഷങ്ങൾക്ക് ശേഷം പ്രതിക്ക് അഞ്ചുവർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ഹൈക്കോടതി വിധിച്ചത്.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal