സസ്യവര്‍ഗീകരണശാസ്ത്ര രംഗത്ത്മുന്‍നിരയിലേക്ക് ചുവട് വെയ്ക്കാന്‍ കാലിക്കറ്റ്

തേഞ്ഞിപ്പലം : ജൈവവൈവിധ്യ ഗവേഷണവും സംരക്ഷണവും ലക്ഷ്യമിട്ട് കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠന വകുപ്പിന്റെ കീഴില്‍ 'ഇന്റര്‍ഡിസിപ്ലിനറി സെന്റര്‍ ഫോര്‍ പ്ലാന്റ് ടാക്‌സോണമി ആന്റ് ബയോപ്രോസ്‌പെക്ടിംഗ്' (ഐ.സി.പി.ടി.ബി.) ഒരുങ്ങുന്നു. പരമ്പരാഗത സസ്യവര്‍ഗീകരണ ശാസ്ത്രത്തെ ആധുനിക സാങ്കേതിക വിദ്യകളുമായി ഏകോപിപ്പിക്കുന്നതാണ് പദ്ധതി. ബഹുമുഖ ഗവേഷണത്തിനും സുസ്ഥിര സസ്യവിഭവ വിനിയോഗത്തിനും വഴിയൊരുക്കുന്ന പദ്ധതിക്ക് സിന്‍ഡിക്കേറ്റ് അനുമതി നല്‍കിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി പശ്ചിമഘട്ടം, വടക്കുകിഴക്കന്‍ ഇന്ത്യ, ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ എന്നീ ജൈവസമ്പുഷ്ട പ്രദേശങ്ങളിലാകെ സസ്യപര്യവേക്ഷണ സര്‍വേകള്‍ക്ക് പ്രാധാന്യം നല്‍കും. 

പഠനങ്ങളുടെ ഭാഗമായി ശേഖരിക്കുന്ന സസ്യസാമ്പിളുകള്‍ ബയോഡൈവേഴ്‌സിറ്റി ഹെറിറ്റേജ് സൈറ്റായി പ്രഖ്യാപിച്ചിട്ടുള്ള കാലിക്കറ്റ് സര്‍വകലാശാല ബോട്ടാണിക്കൽ ഗാര്‍ഡനില്‍ (CUBG) സംരക്ഷിക്കുകയും വൗച്ചര്‍ സ്‌പെസിമനുകള്‍ സര്‍വകലാശാല ഹെര്‍ബേറിയത്തില്‍ (CALI) സംരക്ഷിക്കുകയും ചെയ്യും. പി.എം.-ഉഷ പദ്ധതിയുടെ ഭാഗമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സഹായത്തോടെ 3.6 കോടി രൂപയാണ് ഐ.സി.പി.ടി.ബിക്ക് അനുവദിച്ചിരിക്കുന്നത്. കേന്ദ്രത്തിനായുള്ള കെട്ടിടം നിര്‍മാണഘട്ടത്തിലാണ്. ബോട്ടണി വകുപ്പിലെ ടാക്‌സോണമി ലാബുകളിലൂടെയാണ് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. മോളിക്യുലാര്‍ ബയോളജി, ഫൈറ്റോകെമിസ്ട്രി, നാനോ ടെക്‌നോളജി, ബയോടെക്‌നോളജി എന്നീ ശാഖകളുമായി ബന്ധിപ്പിച്ചുള്ള ആധുനികവും പരമ്പരാഗതവുമായ പഠനങ്ങള്‍ക്ക് കേന്ദ്രം വഴിയൊരുക്കും. 

ഐ.സി.പി.ടി.ബി. പ്രവര്‍ത്തനങ്ങള്‍ക്കായി അക്കാദമിക് സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. സീനിയര്‍ പ്രൊഫ. ഡോ. സന്തോഷ് നമ്പി (ആന്‍ജിയോസ്‌പേം സിസ്റ്റമാറ്റിക്‌സ് ആന്റ് ടെറിഡോഫൈറ്റ് ടാക്‌സോണമി) ഡയറക്ടറാ യും അസോ. പ്രൊഫ. ഡോ. മഞ്ജു സി. നായര്‍ (ക്രിപ്‌റ്റോഗാം ടാക്‌സോണമി) ജോയിന്റ് ഡയറക്ടറായും ചുമതലയേല്‍ക്കും. അഡ്ജങ്ക്റ്റ് ഫാക്കല്‍റ്റിയായി പ്രൊഫ. ഡോ. പി. സുനോജ്കുമാര്‍ (മോളിക്യുലാര്‍ ടാക്‌സോണമി), അസി. പ്രൊഫസര്‍ ഡോ. സി. പ്രമോദ് (ഫ്‌ളോറി സ്റ്റിക്‌സ്) എന്നിവര്‍ സേവനമനുഷ്ഠിക്കും. വിരമിച്ച അസിസ്റ്റന്റ് പ്രൊഫ. ഡോ. എ.കെ. പ്രദീപ് (ആന്‍ജിയോസ്‌പേം ടാക്‌സോണമി) വിസിറ്റിംഗ് സയന്റിസ്റ്റായും പ്രവര്‍ത്തിക്കും

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal