മലപ്പുറം ‣ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് സംസ്ഥാനത്ത് പാചകവാതക വിതരണം താറുമാറായതോടെ മലപ്പുറം ജില്ലയിലും സിലിണ്ടർ ക്ഷാമം അതീവ ഗുരുതരമാകുന്നു. ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് പുറമെ വാണിജ്യ സിലിണ്ടറുകളുടെ ലഭ്യതയും ഗണ്യമായി കുറഞ്ഞതോടെ ജില്ലയിലെ ഹോട്ടൽ-കാറ്ററിങ് മേഖലകൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ സിലിണ്ടറുകളുമായി ഉപഭോക്താക്കളുടെ നീണ്ട ക്യൂ തുടരുകയാണ്.
പുതിയ ബുക്കിങ്ങുകൾ സ്വീകരിക്കാൻ ഏജൻസികൾ വിസമ്മതിക്കുന്നുണ്ടെങ്കിലും പ്രതീക്ഷയോടെ ജനങ്ങൾ മണിക്കൂറുകളോളം കാത്തുനിൽക്കുന്ന കാഴ്ചയാണ് ജില്ലയിലുടനീളം.
മലബാറിലെ പ്രധാന പാചകവാതക വിതരണ കേന്ദ്രമായ ചേളാരി ഐ.ഒ.സി എൽ.പി.ജി ബോട്ലിങ് പ്ലാന്റിന്റെ പ്രവർത്തനം അനിശ്ചിതത്വത്തിലായതാണ് നിലവിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. കാസർകോട് മുതൽ തൃശൂർ വരെയുള്ള ജില്ലകളിലേക്ക് ഗ്യാസ് എത്തിക്കുന്ന ഈ പ്ലാന്റിൽ നിലവിൽ ഫില്ലിങ് നടപടികൾ നാമമാത്രമായി ചുരുങ്ങിയിരിക്കുകയാണ്.
സാധാരണഗതിയിൽ 35 ലോഡ് വാണിജ്യ സിലിണ്ടറുകൾ പ്രതിദിനം നിറച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ വെറും മൂന്ന് ലോഡ് മാത്രമാണ് പുറത്തിറങ്ങുന്നത്.
ആശുപത്രികൾ, വിദ്യാലയങ്ങൾ, ശ്മശാനങ്ങൾ തുടങ്ങിയ അവശ്യ സേവന മേഖലകൾക്ക് മുൻഗണന നൽകുന്നതിനാലാണ് ഇത്രയെങ്കിലും വിതരണം നടക്കുന്നത്. ഗാർഹിക സിലിണ്ടറുകളുടെ വിതരണത്തിലും പകുതിയോളം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ദിവസേന 40,000 സിലിണ്ടറുകൾ വരെ മലബാറിലെ വീടുകളിലേക്ക് അയച്ചിരുന്ന പ്ലാന്റിൽ നിന്ന് ഇപ്പോൾ അതിന്റെ പകുതി പോലും വിതരണം ചെയ്യാൻ കഴിയുന്നില്ല. ഇതോടെ സാധാരണക്കാരുടെ അടുക്കളകളും പുകയാത്ത അവസ്ഥയിലേക്ക് നീങ്ങുകയാണ്.
യുദ്ധം മൂലമുള്ള ഇറക്കുമതി തടസ്സമാണ് ഈ വൻ പ്രതിസന്ധിക്ക് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കുന്നു. വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിൽ കേന്ദ്രം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ഹോട്ടലുടമകളെ വൻ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പുതിയ നിയമപ്രകാരം ഒരു സ്ഥാപനത്തിന് ഒരേസമയം അഞ്ച് സിലിണ്ടറുകൾ മാത്രമേ കൈവശം വയ്ക്കാൻ അനുമതിയുള്ളൂ.
പ്രതിദിനം പത്തും ഇരുപതും സിലിണ്ടറുകൾ ആവശ്യമുള്ള വലിയ ഹോട്ടലുകൾക്ക് ഈ നിയന്ത്രണം താങ്ങാനാവുന്നില്ല. ഗ്യാസ് കിട്ടാത്തതിനെത്തുടർന്ന് ജില്ലയിലെ പല പ്രമുഖ റെസ്റ്റോറന്റുകളും പ്രവർത്തനം അവസാനിപ്പിച്ചു തുടങ്ങി. ഇത് ഈ മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികളുടെ തൊഴിൽ നഷ്ടത്തിനും കാരണമായിട്ടുണ്ട്.
Post a Comment