ഗുരുവായൂർ ചാവക്കാട് സബ് ജയിലിൽ നിന്ന് സിനിമയെ വെല്ലുന്ന രീതിയിൽ പുറത്തുകടന്ന റിമാൻഡ് പ്രതിയെ പോലീസ് സാഹസികമായി പിടികൂടി. പോക്‌സോ കേസ് പ്രതിയായ നിലമ്പൂർ എടക്കര സ്വദേശി പുതിയത്ത് ശ്രീരാജ് (22) ആണ് ജയിൽ ചാടിയത്. ഗുരുവായൂർ പോലീസിന്റെ അവസരോചിതമായ ഇടപെടലിലൂടെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ വലയിലാക്കി.
ജയിലിലെ തകരാറിലായ എക്‌ഹോസ്റ്റ് ഫാൻ നന്നാക്കാൻ അധികൃതർ പ്രതിയെ പുറത്തിറക്കിയപ്പോഴാണ് സംഭവം. ഓടുമേഞ്ഞ പഴയ കെട്ടിടത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ഫാനിനടുത്തേക്ക് കയറിപ്പോയ ശ്രീരാജിനെ ഏറെ നേരമായിട്ടും കാണാതായതോടെ അധികൃതർക്ക് പരിഭ്രാന്തിയായി. മേൽക്കൂര വഴി സമീപത്തെ മരത്തിൽ കയറി സബ് രജിസ്ട്രാർ ഓഫീസ് വളപ്പിലേക്കാണ് പ്രതി ചാടിയത്.
പ്രതി രക്ഷപ്പെട്ട വിവരം അറിഞ്ഞ ഉടൻ തന്നെ ഗുരുവായൂർ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇയാളെ കണ്ടെത്തിയത്. പറവട്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്‌സോ കേസിൽ റിമാൻഡിലായ ശ്രീരാജ് ജയിലിലെത്തിയിട്ട് ഏതാനും ദിവസങ്ങൾ മാത്രമേ ആയിരുന്നുള്ളൂ. ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
Post a Comment