കോഴിക്കോട് : വിൽപ്പനക്കെത്തിച്ച 122.72 ഗ്രാം എം.ഡി.എം.എയും മയക്കുമരുന്ന് വിറ്റ് കിട്ടിയ 10,300 രുപയുമായി യുവാക്കൾ പിടിയിൽ. ഫറോക്ക് ചന്ത വണ്ടിത്തെടി വീട്ടിൽ ആഷിക്. വി (31), കോഴിക്കോട് മുഖദാർ ആമിനാസ് വീട്ടിൽ മുഹമ്മദ് ആദിൽ (27), ചെറുവണ്ണൂർ മധുര ബസാർ അരീക്കാടൻ വീട്ടിൽ ജാസിർ. എ (27), ചെറുവണ്ണൂർ കുമ്മനപാടം കവുങ്ങിൻ തോടൻ വീട്ടിൽ മുഹമ്മദ് ജാസിർ കെ.ടി (22), ഒളവണ്ണ പയ്യടിത്താഴം വീട്ടിൽ മൻസൂർ പി.ടി (36) എന്നിവരാണ് പിടിയിലായത്.
കോഴിക്കോട് സിറ്റി നാർക്കോട്ടിക് അസി.കമ്മിഷണർ അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫും നല്ലളം ഇൻസ്പെക്ടർ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്നാണ് പിടികൂടിയത്.ചെറുവണ്ണൂർ മധുര ബസാറിലെ ജീവ ബേക്കേഴ്സ് ആന്റ് കൂൾബാറിന്റെ മുൻവശത്തുള്ള കെട്ടിടത്തിൽ വച്ച് മയക്കുമരുന്ന് സഹിതമാണ് പിടികൂടിയത്. ചെരുപ്പ് ഗോഡൗണായി പ്രവർത്തിക്കുന്ന ഈ കെട്ടിടത്തിൽ വെച്ച് എം.ഡി.എം.എ ചെറിയ പായ്ക്കറ്റുകളാക്കി ഫറോക്ക്, ബേപ്പൂർ, മാങ്കാവ്, പന്തീരങ്കാവ്, രാമനാട്ടുകര എന്നിവടങ്ങളിലെ യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമാണ് വിറ്റിരുന്നത്.
ലഹരിയെത്തിച്ചത് സ്കൂൾ അവധിക്കാലം ലക്ഷ്യമാക്കിയാണ്. പ്രതികൾ സ്ഥിരം മയക്കുമരുന്ന് വിൽപ്പനക്കാരാണ്. ബംഗളൂരുവിലെ മയക്കുമരുന്ന് മൊത്തവിൽപ്പനക്കാരിൽ നിന്നും 100, 200 ഗ്രാമുകളായി വാങ്ങി ഒരു ഗ്രാം, രണ്ട് ഗ്രാം പായ്ക്കറ്റുകളാക്കിയാണ് വിൽക്കുന്നത്. യുവാക്കൾക്കും, വിദ്യാർത്ഥികൾക്കും ചെരുപ്പ് ഗോഡൗണിൽ വെച്ച് മയക്കുമരുന്ന് ഉപയോഗിക്കാനുള്ള സൗകര്യവും ഒരുക്കിക്കൊടുത്തിരുന്നു. പ്രതികൾക്ക് കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ലഹരിയുപയാേഗത്തിനും മറ്റും നിരവധി കേസുണ്ട്.
Post a Comment