പാങ്ങ് ഒത്തുചേരലിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങൾ ഇത്രവേഗം ഒരു തീരാനോവായി മാറുമെന്ന് ആരും കരുതിയിരുന്നില്ല. അവധിദിനം ആഘോഷിക്കാൻ ഇന്നലെ പുലർച്ചെ മലപ്പുറം പാങ്ങിൽ നിന്നും ചിരിച്ചുല്ലസിച്ച് യാത്ര തിരിച്ചതായിരുന്നു ആ പതിമൂന്നംഗ സംഘം. എന്നാൽ വാൽപ്പാറയിലെ ഹെയർപിൻ വളവിൽ വെച്ച് വിധി ആ ചിരികളെ കവർന്നെടുത്തു. 13-ാം വളവിൽ നിന്നും നിയന്ത്രണം വിട്ട മിനിവാൻ സംരക്ഷണ ഭിത്തിയും തകർത്ത് 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞപ്പോൾ, പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂളിലെ അധ്യാപകർക്കും കുടുംബാംഗങ്ങൾക്കും അത് അന്ത്യയാത്രയായി.
ഒൻപത് ജീവനുകളാണ് ആ അഗാധമായ താഴ്ചയിൽ പൊലിഞ്ഞത്. മരിച്ചവരിൽ ഏഴ് സ്ത്രീകളും ഒരു കുരുന്നും ഒരു പുരുഷനും ഉൾപ്പെടുന്നു എന്നത് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിക്കുന്നു. ഒരു പകൽ മുഴുവൻ നീളുന്ന സന്തോഷങ്ങൾക്കും കാഴ്ചകൾക്കും ശേഷം രാത്രി വീട്ടിൽ തിരിച്ചെത്താമെന്ന പ്രതീക്ഷയിലായിരുന്നു അവരുടെ പ്രിയപ്പെട്ടവർ.
എന്നാൽ കാത്തിരുന്നവർക്ക് മുന്നിലെത്തിയത് പ്രിയപ്പെട്ടവരുടെ വേർപാടിന്റെ വാർത്തയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവർ നിലവിൽ ചികിത്സയിലാണ്. പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന ഒരു നാടിന്റെ പ്രാർത്ഥനകൾ ഇപ്പോൾ ആ ആശുപത്രി വരാന്തകളിലുണ്ട്. യാത്രകളെ സ്നേഹിച്ച, അറിവ് പകർന്നു നൽകിയ ആ അധ്യാപകർക്ക് കണ്ണീരോടെ വിട.
Post a Comment