ന്യൂഡൽഹി | രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വർധിപ്പിച്ചു. ഇന്ന് പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് കൂട്ടിയത്. ഇതോടെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇന്ധനവിലയിലുണ്ടാകുന്ന നാലാമത്തെ വർധനവാണിത്. ഈ ചെറിയ കാലയളവിൽ മാത്രം എട്ട് രൂപയാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 115.32 രൂപയും ഡീസലിന് 104.41 രൂപയുമാണ് പുതിയ വില. കൊച്ചിയില്‍ ഇത് യഥാക്രമം 113.61 രൂപയും 102.52 രൂപയുമായി.
ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 102.12 രൂപയും ഡീസലിന് 95.20 രൂപയുമാണ്. കഴിഞ്ഞ ദിവസം പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും കൂട്ടിയതിന് പിന്നാലെയാണ് ഇന്നത്തെ ഈ വലിയ വർധനവ്. പശ്ചിമേഷ്യയിലെ സംഘർഷങ്ങള്‍ കാരണം ആഗോളതലത്തില്‍ ഇന്ധനവില ഉയരുന്നതാണ് രാജ്യത്തെ വില വർധനവിന് കാരണമെന്നാണ് കേന്ദ്രസർക്കാർ നൽകുന്ന വിശദീകരണം.
ആഗോളതലത്തില്‍ അസംസ്കൃത എണ്ണയുടെ വില ഉയർന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതും എണ്ണ വിപണന കമ്പനികളുടെ ഇറക്കുമതി ചെലവ് വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിനുപുറമെ ഇന്ധനവില 20 രൂപയോളം വർധിപ്പിക്കണമെന്ന സമ്മർദം ഇന്ത്യൻ ഓയില്‍ കോർപറേഷൻ അടക്കമുള്ള പൊതുമേഖലാ കമ്പനികള്‍ കേന്ദ്രസർക്കാരിന് മേല്‍ ചെലുത്തുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. വരുംദിവസങ്ങളിലും ഇന്ധനവില ഘട്ടംഘട്ടമായി ഉയർത്താനുള്ള സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
അതേസമയം, അമേരിക്ക- ഇറാന്‍ ചർച്ചകള്‍ തുടരുന്നതിനിടെ ആഗോള വിപണയില്‍ എണ്ണ വില ഇടിഞ്ഞുവെന്നതും ശ്രദ്ധേയമാണ്. ബ്രെൻ്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 98.22 ഡോളറിലെത്തി (5.1 ശതമാനത്തിൻ്റെ ഇടിവ്). എന്നാൽ രാജ്യത്ത് തുടർച്ചയായുണ്ടാകുന്ന ഈ വിലവർധനവ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകും. ഡീസല്‍ വില വർധനവ് ചരക്കുകൂലി കൂട്ടാനും പച്ചക്കറി ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ വില കുതിച്ചുയരാനും പൊതുഗതാഗത ചെലവുകള്‍ വർധിക്കാനും വഴിയൊരുക്കും.
Post a Comment