ആലപ്പുഴയിൽ ദൃശ്യം മോഡൽ കൊലപാതകം; 60-കാരിയെ കൊന്ന് കുഴിച്ചിട്ടത് അടുക്കളയുടെ പിറകിൽ



ആലപ്പുഴ |  പൂങ്കാവില്‍ വീടിനുള്ളില്‍ കൊന്ന് കുഴിച്ചിട്ട സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു. പൂങ്കാവ് വടക്കേപറമ്പില്‍ റോസമ്മ(60)യുടെ മൃതദേഹമാണ് തിങ്കളാഴ്ച വൈകിട്ടോടെ പുറത്തെടുത്തത്. റോസമ്മയെ കൊലപ്പെടുത്തി മൃതദേഹം മറവു ചെയ്ത സഹോദരന്‍ ബെന്നി പോലീസ് കസ്റ്റഡിയിലാണ്.


ഏപ്രില്‍ 17, ബുധനാഴ്ച മുതല്‍ റോസമ്മയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന സൂചന ലഭിച്ചത്. തനിക്ക് ഒരു കൈയബദ്ധം പറ്റിയതാണെന്നും മൃതദേഹം വീട്ടില്‍ കുഴിച്ചിട്ടതായും ബെന്നിയും വെളിപ്പെടുത്തിയിരുന്നു. ഇതോടെ പോലീസ് ബെന്നിയെ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഉച്ചയോടെ ആലപ്പുഴ നോര്‍ത്ത് പോലീസ് ബെന്നിയുമായി കൃത്യംനടന്ന വീട്ടിലെത്തി. തുടര്‍ന്ന് തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയിലാണ് റോസമ്മയുടെ മൃതദേഹം കണ്ടെടുത്തത്.


വീട്ടിലെ അടുക്കളയുടെ പിറകില്‍ ചുമരിനോട് ചേര്‍ന്നാണ് പ്രതി സഹോദരിയുടെ മൃതദേഹം കുഴിച്ചിട്ടിരുന്നത്. മൂന്നടിയോളം താഴ്ചയിലായിരുന്നു കുഴിയെടുത്തിരുന്നത്. ഇവിടെ പോലീസ് നടത്തിയ പരിശോധനയില്‍ ആദ്യം റോസമ്മയുടെ വസ്ത്രത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. പിന്നാലെയാണ് മൃതദേഹം പുറത്തെടുത്തത്.


ഏറെനാള്‍ മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ റോസമ്മയ്ക്ക് രണ്ടുമക്കളാണുള്ളത്. നിലവില്‍ സഹോദരന്‍ ബെന്നിയ്ക്കൊപ്പമായിരുന്നു റോസമ്മയുടെ താമസം. ഇതിനിടെ വീണ്ടും ഒരുവിവാഹം കഴിക്കാന്‍ റോസമ്മ ആഗ്രഹിച്ചിരുന്നു. കൈനകരിയിലെ ഒരു വിവാഹദല്ലാള്‍ മുഖേന വിവാഹക്കാര്യവും ശരിയായി. മെയ് ഒന്നിന് വിവാഹം നടത്താനും നിശ്ചയിച്ചു. ഇതിനിടെയാണ് കൊലപാതകം നടന്നത്.


റോസമ്മ വീണ്ടും വിവാഹം കഴിക്കുന്നതിനെ ബെന്നിയും ബന്ധുക്കളും എതിര്‍ത്തിരുന്നതായാണ് വിവരം. വിവാഹക്കാര്യത്തെച്ചൊല്ലി ബെന്നിയും റോസമ്മയും തമ്മില്‍ കഴിഞ്ഞദിവസം വഴക്കുണ്ടായെന്നും ഇത് കൊലപാതകത്തില്‍ കലാശിച്ചെന്നുമാണ് സൂചന.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal