മലപ്പുറം: സർക്കാർ, സ്വകാര്യഗ്രൂപ്പുകൾ വഴി ഹജ്ജും ഉംറയും നടത്താൻ ഉദ്ദേശിക്കുന്നവർക്കുള്ള സംസ്ഥാനതല ഹജ്ജ് ക്യാമ്പ് ബുധനാഴ്ച മേൽമുറി സ്വലാത്ത് നഗർ മഅദിൻ കാമ്പസിൽ നടക്കും.
കേരളത്തിലെ വിവിധ ജില്ലകളിലെയും ലക്ഷദ്വീപ്, നീലഗിരി, മംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലെയും തീർഥാടകർ പങ്കെടുക്കും. ഇതിനായുള്ള പന്തൽ മഅദിൻ പ്രധാനകാമ്പസിൽ തയ്യാറായി. ദൂരത്തുനിന്നുള്ളവർക്ക് താമസ സൗകര്യവും സ്ത്രീകൾക്ക് പ്രത്യേക സംവിധാനങ്ങളുമുണ്ടാകും. ബുധനാഴ്ച കെ.എസ്.ആർ.ടി.സി.യുടെ ബസ് സർവീസുകൾക്ക് സ്വലാത്ത് നഗറിൽ സ്റ്റോപ്പുണ്ടാകും.
രാവിലെ എട്ടുമുതൽ അഞ്ചുവരെയുള്ള ക്യാമ്പ് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനംചെയ്യും. മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി അധ്യക്ഷനാകും. ഹജ്ജ് പണ്ഡിതന്മാരായ കൂറ്റമ്പാറ അബ്ദുറഹ്‌മാൻ ദാരിമി ക്ലാസിന് നേതൃത്വംനൽകും. സമസ്ത ജില്ലാസെക്രട്ടറി ഇബ്‌റാഹീം ബാഖവി മേൽമുറി സംശയനിവാരണം നടത്തും.
മാതൃകാ കഅബയുടെ സഹായത്തോടെ മഖാമു ഇബ്‌റാഹീം, സ്വർണപ്പാത്തി, ഹിജ്‌റ ഇസ്മാഈൽ, ഹജറുൽ അസ്‌വദ് തുടങ്ങിയ വിവിധ ഭാഗങ്ങൾ പരിചയപ്പെടുത്തും. ഇവർക്കാവശ്യമായ ക്ലോക്ക് റൂം, വാഷ്‌റൂമുകൾ, നിസ്‌കാര സൗകര്യവും ഭക്ഷണവുമുണ്ടാകും. മഅദിൻ ഹോസ്‌പൈസിന്റെ നേതൃത്വത്തിൽ മെഡിക്കൽ സെന്ററും ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സേവനവും സൗജന്യ ഹജ്ജ് കിറ്റുമുണ്ടാകും. ഖാലിദ് സഖാഫി രചിച്ച 'ഹജ്ജ് ഉംറ; കർമം ചരിത്രം അനുഭവം' എന്ന പുസ്തകത്തിന്റെ ആറാംപതിപ്പ് പ്രകാശനവും നടക്കും.
إرسال تعليق