അഴിഞ്ഞിലം മേൽപാലം ഗതാഗതത്തിന് തുറന്നു

 


രാമനാട്ടുകര |    ദേശീയപാത ആറുവരിപ്പാതയുടെ ഭാഗമായി നിർമിച്ച അഴിഞ്ഞിലം മേൽപാലം ഗതാഗതത്തിനു തുറന്നു. ഭാര പരിശോധനകൾ ഉൾപ്പെടെ പൂർത്തിയാക്കി പന്തീരാങ്കാവ് ഭാഗത്തേക്കുള്ള ഗതാഗതമാണ് ആദ്യഘട്ടത്തിൽ അനുവദിച്ചിരിക്കുന്നത്. ഇതോടെ ദേശീയപാതയിൽ അഴിഞ്ഞിലം ജംക്‌ഷനിൽ പതിവായ ഗതാഗതക്കുരുക്ക് പരിധിവരെ ഒഴിവായി.


മേൽപാലത്തിൽ ചില്ലറ അറ്റകുറ്റപ്പണികൾ നടത്താനുള്ള രാമനാട്ടുകര ഭാഗവും ഉടൻ ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്നു അധികൃതർ അറിയിച്ചു. ആറുവരിക്ക് അനുയോജ്യമായി 30 മീറ്റർ നീളമുള്ള ഒറ്റ സ്പാനിലാണ് അഴിഞ്ഞിലം ജംക്‌ഷനിൽ മേൽപാലം നിർമിച്ചത്.


ബൈപാസിൽ ചാലിപ്പാടം ഭാഗത്തു നിന്നാരംഭിച്ചു സലഫി പള്ളി പരിസരത്ത് എത്തിച്ചേരുന്നതാണു പുതിയപാലം. 200 മീറ്റർ നീളവും 27 മീറ്റർ വീതിയുമുണ്ട്.


ദേശീയപാതയിൽ ഗതാഗത തടസ്സം ഒഴിവാക്കാനും ഫാറൂഖ് കോളജ്, കാരാട് ഭാഗങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് ബൈപാസ് സർവീസ് റോഡിലേക്കു പ്രവേശിക്കാനും സൗകര്യം ഒരുക്കിയുമാണ് അഴിഞ്ഞിലത്ത് മേൽപാലം സജ്ജമാക്കിയത്.


രാമനാട്ടുകര മേൽപാലം കഴിഞ്ഞാൽ റോഡിന്റെ ഇരുഭാഗത്തേക്കും പ്രവേശിക്കാനുള്ള മറ്റൊരു വഴി കൂടിയാണിത്.


പാലം പൂർത്തിയായതോടെ അഴിഞ്ഞിലം, കാരാട്, പാറമ്മൽ, പുതുക്കോട്, ഫാറൂഖ് കോളജ്, കരുമകൻ കാവ്, കുറ്റൂളങ്ങാടി മേഖലയിലെ യാത്രക്കാർക്കു സൗകര്യമായി.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal