ദേശീയപാതയിൽ കാക്കഞ്ചേരിയിലും വിള്ളൽ; റോഡിലൂടെയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു

ചേലേമ്പ്ര ● ദേശീയപാതയിൽ ഉയരം കൂടിയ ഭാഗത്തായി കാക്കഞ്ചേരിയിൽ പ്രധാന ഹൈവേ റോഡ് വിണ്ടുകീറി. ഇന്നലെ ഉച്ചയോടെയാണ് 20 മീറ്ററിലേറെ നീളത്തിൽ വിള്ളൽ രൂപപ്പെട്ടത്. കാക്കഞ്ചേരി പള്ളിയാളി റോഡിൻ്റെ എതിർവശം പെട്രോൾ പമ്പിന്റെ ഭാഗത്തായിട്ടാണ് റോഡ് പൊട്ടിപ്പൊളിഞ്ഞത്. റോഡിലൂടെയുള്ള വാഹന ഗതാഗതം താത്കാലികമായി നിർത്തിവെച്ചു. നിര്‍മാണത്തിന്റെ ഘട്ടത്തില്‍ തന്നെ അശാസ്ത്രീയത ചൂണ്ടിക്കാണിച്ചിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. 
ആദ്യം ചെറിയ നേര്‍രേഖയായിട്ടാണ് വിള്ളല്‍ ഉണ്ടായിരുന്നത്. പിന്നീട് ഇത് വലുതായി വരികയായിരുന്നുവെന്ന് ദൃ‌ക്സാക്ഷികൾ വ്യക്തമാക്കി. കരാറുകാർ പൊട്ടിപ്പൊളിഞ്ഞ ഭാഗത്ത് തൊഴിലാളികളെ ഉപയോഗിച്ച് പശ ഒഴിച്ച് ഒട്ടിക്കാനുള്ള പാഴ്ശ്രമം നടത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധം കാരണം പിന്മാറുകയായിരുന്നു. പൊട്ടിപൊളിഞ്ഞ പാതയുടെ ഒരുവശം 150 ഓളം അടി താഴ്ചയുള്ള പ്രദേശമാണ്. താഴ്ന്ന പ്രദേശമായ ഈ മേഖലയിൽ അശാസ്ത്രീയമായ രീതിയിൽ മണ്ണ് നിറച്ച് വൻമതിൽ പോലെ കെട്ടിപ്പൊക്കിയാണ് റോഡ് ഉണ്ടാക്കിയതെന്ന് പ്രദേശവാസികൾ ആരോപിച്ചു. 

ഈ ഭാഗത്ത് ഫില്ലറുകൾ സ്ഥാപിച്ച് വേണമായിരുന്നു റോഡ് ഉണ്ടാക്കേണ്ടിയിരുന്നത്. 
വേങ്ങര കൂരിയാട് ഇതുപോലെയുള്ള ഉയർന്ന പ്രദേശത്താണ് ദേശീയപാത പൊട്ടി തകർന്ന് സർവീസ് റോഡിലേക്ക് പതിച്ച് വലിയ അപകടം ഉണ്ടായത്. ഇതുപോലെ മറ്റൊരു ദുരന്തം ഇവിടെയും സംഭവിക്കുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.
ഫോട്ടോ: ദേശീയപാത കാക്കഞ്ചേരിയിൽ പുതിയ ഹൈവേ റോഡിൽഇന്നലെ രൂപപ്പെട്ട വിള്ളൽ 

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal