കുതിച്ചുയർന്നു വെളിച്ചെണ്ണയുടെ വില; ലിറ്ററിന് 350ലെത്തി, ഒരു വർഷം കൊണ്ട് കൂടിയത് ഇരട്ടി

മലപ്പുറം ● നാളികേരളത്തിനും കോപ്രക്കും ലഭ്യത കുറഞ്ഞതോടെ വെളിച്ചെണ്ണ വില വൻ കുതിപ്പിലേക്ക്. ചില്ലറ വിപണിയില്‍ ശരാശരി വില കിലോക്ക് 340 രൂപ മുതല്‍ 360 രൂപ വരെയാണ്. കുപ്പിയില്‍ പായ്ക്ക് ചെയ്ത ബ്രാന്‍ഡഡ് വെളിച്ചെണ്ണക്ക് ഇതിലും കൂടുതലാണ് വില. എണ്ണവില വൈകാതെ 400 കടക്കുമെന്നും 500 രൂപയില്‍ എത്തിയാല്‍പോലും അതിശയിക്കേണ്ടെന്നാണ് വിപണി സൂചന. ആ സാഹചര്യത്തില്‍ നാളികേരവില കിലോയ്ക്ക് 100 കടന്നേക്കാം. 

കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും കൊപ്രയുടെ ക്ഷാമമാണ് വെളിച്ചെണ്ണ വില ഉയരാന്‍ പ്രധാന കാരണം. കൊപ്ര കിട്ടാനില്ലാതെ വന്നതോടെ ചെറുകിട ആട്ടുമില്ലുകളുടെ പ്രവര്‍ത്തനം നിലച്ചു. തമിഴ്നാട്ടില്‍നിന്നും ആന്ധ്രയില്‍നിന്നും കൊപ്ര വരവ് വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. വിദേശ കൊപ്രാ വരവും നിലച്ചു. വെളിച്ചെണ്ണ വിലയുടെ തോതില്‍ പാം ഓയില്‍, നല്ലെണ്ണ, സൂര്യകാന്തി ഓയില്‍ എന്നിവയ്ക്കും വില വര്‍ധിക്കുകയാണ്. 

മാര്‍ക്കറ്റില്‍ നാളികേര ലഭ്യത 30-35 ശതമാനം ഇടിവുണ്ടായി. നിലവില്‍ കൊപ്ര വില കേരളത്തില്‍ 186 രൂപയും തമിഴ്നാട്ടില്‍ 188 രൂപയുമാണ്. ഒരു വര്‍ഷത്തിനിടെ നാളി കേര വിലയില്‍ 25 രൂപയുടെ വര്‍ധനയാണുണ്ടായിരിക്കുന്നത്.
ഇതാണ് കൊപ്രയിലും പ്രതിഫലിക്കുന്നത്. നാളി കേര ഉത്പാദനത്തില്‍ മുന്നിലുള്ള ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്ന് ഇറക്കുമതി നടത്തി വില നിയന്ത്രിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal