കൊണ്ടോട്ടി ● മൊറയൂരിൽ ഗ്രാമപഞ്ചായത്ത് ഓഫീസിനു പിറകുവശത്തുള്ള അയ്യടാൻ മലയിൽ വിള്ളൽ രൂപപ്പെട്ടു. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് മുൻകരുതലായി പ്രദേശവാസികളായ 41 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. രാത്രിയാണ് മലയിൽ വിള്ളൽ രൂപപ്പെട്ടത്. ഇന്നലെ ഉച്ചയോടെ ഇത് കൂടുകയും വ്യാപിക്കുകയും ചെയ്തു. വിള്ളൽ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്ഥലം സന്ദർശിച്ച വില്ലേജ്, ഗ്രാമപഞ്ചായത്ത് അധികൃതരാണ് മലയുടെ താഴ്ഭാഗത്ത് താമസിക്കുന്ന വീട്ടുകാരോട് മാറി താമസിക്കാൻ നിർദ്ദേശം നൽകിയത്. ജിയോളജി ഡിപ്പാർമെൻറ് അധികൃതർ സ്ഥലം സന്ദര്‍ശിക്കും.
1998 കരിപ്പൂർ വിമാനത്താവള വികസനത്തിന് മണ്ണെടുത്ത ശേഷമാണ് പ്രദേശത്ത് മണ്ണിടിച്ചിൽ നേരിട്ടു തുടങ്ങിയത്. ഇതേ വർഷം മഴക്കാലത്ത് ഇവിടെ മണ്ണിടിച്ചിട്ടുണ്ടാവുകയും ഒരു വീട് പൂർണമായും ഏഴോളം വീടുകൾ ഭാഗികമായും തകർന്നിരുന്നു. ജിയോളജി സംഘത്തിൻറെ പരിശോധനയ്ക്ക് ശേഷം തുടർ കാര്യങ്ങൾ ചെയ്യുന്നത് വരെ കുടുംബ വീടുകളിലേക്ക് മാറാനാണ് താൽക്കാലികമായി നിർദ്ദേശം നൽകിയത്.
പ്രദേശവാസികളുടെ യോഗം വിളിച്ചു ചേർത്താണ് മുൻകരുതൽ നിർദേശം നൽകിയത്. അധികൃതരുടെ നിർദ്ദേശ പ്രകാരം കുടുംബങ്ങൾ ഇന്നലെ ബന്ധുവീടുകളിലേക്ക് മാറി.
Post a Comment