ന്യൂഡൽഹി ● എയർ കണ്ടീഷണറുകൾ ഇനി അമിതമായി 'തണുപ്പിക്കാൻ ' സർക്കാർ അനുവദിക്കില്ല. പുതിയ എസി യൂണിറ്റുകളുടെ മിനിമം താപനില 20 ഡിഗ്രി സെൽഷ്യസായി നിശ്ചയിക്കുമെന്ന് കേന്ദ്ര ഊർജ്ജമന്ത്രാലയം അറിയിച്ചു. അതായത് ഇതിലും താഴെയുള്ള കൂളിംഗ് അനുവദിക്കില്ല. നിലവിലെ എസികളിൽ 16 ഡിഗ്രിയൊ 18 ഡിഗ്രിയോ വരെ താഴ്ത്താനാകും. ഊർജ്ജസംരക്ഷണത്തിന് ഭാഗമായാണ് പുതിയ തീരുമാനമെടുക്കാൻ ഒരുങ്ങുന്നത്.
ഉപയോഗിക്കുമ്പോൾ 28 ഡിഗ്രി വരെയേ ഭാവിയിൽ ഉയർത്താൻ ആകു. നിലവിൽ ഇത് 30 ഡിഗ്രി വരെയാണ്. ചട്ടം വിജ്ഞാപനം ചെയ്തശേഷം ഉത്പാദിപ്പിക്കുന്ന എസി യൂണിറ്റുകൾക്കാണ് ഇത് ബാധകമാക്കുക. 16 മുതൽ 20 വരെ ഡിഗ്രിയിൽ എസി പ്രവർത്തിക്കുമ്പോൾ ഊർജ്ജ ഉപഭോഗം വളരെ കൂടുതലാണ്. മിനിമം താപനില 24 ഡിഗ്രി ആക്കാൻ ആയിരുന്നു സർക്കാരിന്റെ തീരുമാനം.
എന്നാൽ ചെറിയ എതിർപ്പുകൾ വന്നതുകൊണ്ടാണ് ഇത് 20 ഡിഗ്രിയാ ക്കിയതെന്നും തുടർ വിലയിരുത്തലുകൾക്കു ശേഷം ഇത് ഉയർത്താൻ ഇടയുണ്ടെന്നും ഊർജ മന്ത്രി പറഞ്ഞു. 24- 25 ഡിഗ്രിയാണ് എ സി പ്രവർത്തിപ്പിക്കാൻ അനുയോജ്യമായ താപനില. എന്നാൽ ഭൂരിഭാഗം ആളുകളും കുറഞ്ഞ താപനിലയിലാണ് പ്രവർത്തിപ്പിക്കുന്നത്.
എസിയിൽ ഒരു ഡിഗ്രി ഉയർത്തി വെച്ചാൽ 6% വൈദ്യുതി ലാഭം ഉണ്ടാകുമെന്ന് കേന്ദ്ര ഊർജ്ജമന്ത്രാലയം സെക്രട്ടറി പങ്കജ് അഗർവാൾ പറഞ്ഞു. ഇരുപതിൽനിന്ന് 24 ഡിഗ്രിയിലേക്ക് ഉയർത്തിയാൽ 24 ശതമാനമാണ് വൈദ്യുതി ലാഭം. രാജ്യത്തെ പകുതി എ സികളും ഇത്തരത്തിൽ ഉപയോഗിച്ചാൽ ഒരു വർഷം ഏകദേശം ആയിരം കോടി യൂണിറ്റ് വൈദ്യുതി ലാഭിക്കാം. മൊത്തം വൈദ്യുതി ബില്ലിൽ ഏകദേശം 5000 കോടി രൂപ ലാഭിക്കാനും 82 ലക്ഷം ടണ്ണ് കാർബൺ പുറന്തള്ളൽ ഒഴിവാക്കാനും കഴിയും.
Post a Comment