പെരുവള്ളൂർ ● പടിക്കൽ - കരുവാങ്കല്ല് പൊതുമരാമത്ത് റോഡിൽ മഴക്കാലത്ത് രൂപപ്പെട്ട വെള്ളക്കെട്ടിന് അടിയന്തിര പരിഹാരവുമായി ഓസ്കാർ കാക്കത്തടത്തിൻ്റെ പ്രവർത്തകർ. ഗ്രാമപഞ്ചായത്ത് ഭരണ സമിതി ഹെൽപ് ലൈൻ ഷംസുദ്ദീനുമായി ഈ മഴക്കാലത്ത് ഇവിടെ കെട്ടി നില്ക്കുന്ന വെള്ളം പമ്പ് ചെയ്ത് നീക്കുന്നതിനായി നേരത്തെ ധാരണയിലെത്തിയിരുന്നു.
ജില്ലാ കളക്ടർ, തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ തലങ്ങളിൽ ചർച്ച ചെയ്ത് പിഡബ്ല്യുഡി അനുമതിയോട് കൂടി വാട്ടർ പമ്പ് ഉപയോഗിച്ച് ഈ മഴക്കാലം മുഴുവൻ ഇവിടെ കെട്ടി നില്ക്കുന്ന വെള്ളം പുറം തള്ളുന്നതിനാണ് ധാരണയായത്. ഇതോടെ ഇവിടുത്തെ വെള്ളക്കെട്ട് താത്കാലികമായി ഒഴിവാക്കാൻ സാധിക്കും. അടുത്ത മഴക്കാലമെത്തും മുമ്പ് ശാശ്വത പരിഹാരമായി ഡ്രൈനേജ് നിർമ്മിക്കുമെന്ന് പിഡബ്ല്യുഡി നേരത്തെ ഉറപ്പു നൽകിയതാണ്.
എന്നാൽ വളരെ പെട്ടന്നു തന്നെ ഇതിനൊരു പരിഹാരം ആവശ്യമാണെന്ന് കണ്ടാണ് ഓസ്കാർ ക്ലബ് പ്രവർത്തകർ ഇപ്പോൾ മുന്നോട്ടു വന്നിട്ടുള്ളത്. ഈ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി അരങ്ങേറിയ സമരങ്ങളിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒരു തവണ വെള്ളം പൂർണമായും നീക്കം ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം പെയ്ത മഴയോടെ വീണ്ടും ഇവിടെ വെള്ളക്കെട്ട് രൂപപ്പെടുകയാണ് ഉണ്ടായത്. പ്രാദേശികം പെരുവള്ളൂർ ഉൾപ്പെടെ പെരുവള്ളൂരിലെ ഓൺലൈൻ വാർത്താ കൂട്ടായ്മകളും പത്ര മാധ്യമങ്ങളും വിഷയത്തിൽ അധികൃതരുടെ ശ്രദ്ധ ക്ഷണിച്ച് അടിയന്തര നടപടി ആവശ്യപ്പെട്ട് നിരവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
إرسال تعليق