തിരുവനന്തപുരം ● മാലിന്യം വലിച്ചെറിയുന്നത് കണ്ടാല്‍ മടിച്ച് നില്‍ക്കേണ്ട. തെളിവ് സഹിതം റിപ്പോര്‍ട്ട് ചെയ്താല്‍ പിഴത്തുകയുടെ നാലിലൊന്ന് പരാതിക്കാരന് പാരിതോഷികമായി നല്‍കും. 2,500 രൂപ പാരിതോഷികം എന്ന പരിധി ഒഴിവാക്കി, തെളിവുകളോടെ വിവരം നല്‍കുന്ന എല്ലാവർക്കും പാരിതോഷികം ലഭിക്കുന്നു എന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്നും തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
ഗുരുതരമായ കുറ്റകൃത്യം തെളിവുകളോടെ റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് ഉയര്‍ന്ന പാരിതോഷികം ലഭിക്കാനുള്ള സാഹചര്യമൊരുങ്ങും. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്ന കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെ പൊതുജനപങ്കാളിത്തം വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് നടപടി. ഹരിതകര്‍മ സേനാംഗങ്ങള്‍, എന്‍എസ്എസ് വളണ്ടിയര്‍മാര്‍, എസ്പിസി കേഡറ്റുകള്‍, കോളജ് വിദ്യാര്‍ഥികള്‍ തുടങ്ങി എല്ലാ വിഭാഗത്തെയും ഈ നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമാക്കും.
മാലിന്യം വലിച്ചെറിയുന്നതും, പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം സംബന്ധിച്ചും 9446700800 എന്ന വാട്സാപ് നമ്പറില്‍ പരാതികൾ അയക്കാം. ഇത് കൃത്യമായി നിരീക്ഷിക്കാനും നടപടി സ്വീകരിക്കാനും തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമും സജ്ജമാക്കി. ഇതുവരെ 8,674 പരാതികളാണ് വാട്സപ്പ് വഴി ലഭിച്ചത്. ഇതില്‍ 4525 കേസുകളിലും മാലിന്യം നീക്കം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിച്ചു. മാലിന്യം വലിച്ചെറിയുന്നവരുടെ വിശദാംശങ്ങളും തെളിവുകളുമുള്‍പ്പെടെ ലഭിച്ച 439 കേസുകളില്‍ കുറ്റക്കാര്‍ക്ക് 33.5 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി.
Post a Comment