മലപ്പുറം ● ആർക്കും വേണ്ടാതെ വലിച്ചെറിഞ്ഞിരുന്ന ചിരട്ടയ്ക്കാണ് ഇപ്പോൾ വിപണിയിൽ വൻ ഡിമാൻഡ്.ഒരു രൂപയായിരുന്ന ചിരട്ടവില ഇപ്പോൾ കിലോയ്ക്ക് 33 രൂപ വരെയായി. ചിരട്ട അന്വേഷിച്ച് വാഹനവുമായി ഏജൻറുമാർ ഇപ്പോൾ വീടുവീടാന്തരം കയറിയിറങ്ങുകയാണ്. വ്യാപാരികളും ചിരട്ട വാങ്ങിക്കുന്നുണ്ട്. ഒരു വല്ലം ചിരട്ടയുണ്ടെങ്കിൽ 800 രൂപ വരുമാനം കിട്ടും. നാളികേരം കൊപ്ര ആക്കുന്നവർക്കും വെളിച്ചെണ്ണ എടുക്കുന്നവർക്കും ഇതോടെ അധിക വരുമാനവുമായി.
ജലശുദ്ധീകരണത്തിനുള്ള പ്രകൃതിദത്തവസ്തുവായുംസൗന്ദര്യ വർധന വസ്തുക്കൾ നിർമിക്കാനും ചിരട്ടക്കരി ഉപയോഗിക്കുന്നതാണ് ഇപ്പോഴത്തെ ഡിമാൻഡിന് കാരണം. ജർമനി, ഇറ്റലി, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ചിരട്ടക്കരി കയറ്റിപ്പോകുന്നത്. കേരളത്തിൽ നിന്ന് ശേഖരിക്കുന്ന ചിരട്ട കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെത്തിച്ചാണ് കരിയാക്കി മാറ്റുന്നത്. മലയോരത്ത് ചിരട്ട കിട്ടാനില്ലാത്ത സ്ഥിതിയാണ്. ചിരട്ടക്ഷാമം ശവസംസ്കാരച്ചടങ്ങുകൾക്കും മറ്റും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മൃതദേഹം ദഹിപ്പിക്കാൻ കൂടുതലായും ചിരട്ടയാണ് ഉപയോഗിച്ചുവരുന്നത്. 150 കിലോഗ്രാം ചിരട്ട ഒരു മൃതദേഹം ദഹിപ്പിക്കുവാനാവശ്യമാണ്.
Post a Comment