വയനാട് ● മേപ്പാടി മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടലും ശക്തമായ മലവെള്ളപ്പാച്ചിലും. നേരത്തെ ഉരുൾപൊട്ടലുണ്ടായ വെള്ളരിമല, പുഞ്ചിരിമട്ടം ഭാഗത്താണ് ഉരുൾപൊട്ടിയതെന്നാണ് സൂചന. റവന്യൂ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തി ഇക്കാര്യം പരിശോധിച്ചു വരികയാണ്. ബെയ്‌ലി പാലത്തിന് സമീപം നല്ല കുത്തൊഴുക്കുണ്ട്. വനമേഖലയിൽ നിന്നും ശക്തമായ ശബ്ദം കേട്ടതായി വലിയ ഉരുളൻ പാറക്കല്ലുകൾ പുഴയിലൂടെ ഒഴുകി വരികയാണെന്നും പ്രദേശവാസികൾ പറഞ്ഞു. പ്രദേശത്ത് ഇപ്പോഴും നല്ല മഴ തുടരുന്നതിനാൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ബെയ്‌ലി പാലത്തിന് അപ്പുറത്ത് ആരും താമസമില്ലെങ്കിലും എസ്റ്റേറ്റ് തോട്ടം തൊഴിലാളികളുണ്ട്. അട്ടമലയിലേക്ക് പോകുന്ന വഴിയിൽ ആശുപത്രിയുടെ ഭാഗത്ത് വെള്ളം കയറി. മുണ്ടക്കൈയിലേക്ക് പോകുന്ന ചന്തക്കുന്നിൽ വഴിയെല്ലാം ബ്ലോക്കായി. നിലവിൽ ബെയ്ലി പാലം കടക്കാനാവില്ല. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
കഴിഞ്ഞ വർഷം ജൂലൈ 30 നാണ് മുണ്ടക്കൈ ചൂരൽമല പ്രദേശത്തു ഉരുൾപൊട്ടലുണ്ടായി 250 ലധികം പേർക്ക് ജീവൻ നഷ്ടമായത്.
നൂറ് മില്ലിമീറ്റര്‍ മഴയാണ് മുണ്ടക്കൈ ഭാഗത്ത് ഇപ്രാവശ്യം രേഖപ്പടുത്തിയത്.
കോഴിക്കോടിന്റെ മലയോര മേഖലയിലും കനത്ത മഴയാണ് പെയ്യുന്നത്. മുത്തന്‍പുഴ, മറിപ്പുഴ, ആനക്കാംപൊയില്‍ മേഖലയിലാണ് മഴ ശക്തമായത്. ഇരുവഴിഞ്ഞിപ്പുഴയിലും മലവെള്ളപ്പാച്ചിലുണ്ടായി.
Post a Comment