മലാപ്പറമ്പ് സെക്സ്റാക്കറ്റ് കേസിൽ പ്രതികളായ പൊലീസുകാര്‍ ഇപ്പോഴും കാണാമറയത്ത് തന്നെ; പിടികൂടാനാവാത്തത് ഒത്തുകളിയെന്ന് ആരോപണം

കോഴിക്കോട് ● മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിലെ പ്രതികളായ രണ്ട് പൊലീസുകാരെക്കുറിച്ച് വിവരങ്ങളൊന്നും ഇല്ലെന്ന് നടക്കാവ് പൊലിസ്. പ്രതികളായ ഷൈജിത്തും സനിത്തും ഒളിവിലാണെന്നാണ് വിവരം. എന്നാല്‍ പ്രതികളെ സഹായിക്കാന്‍ പൊലിസ് ഒത്തുകളിക്കുകയാണെന്നാണ് ആക്ഷേപം. പ്രതികള്‍ നഗരത്തില്‍ തന്നെയുണ്ടെന്നും സൂചനയുണ്ട്. അറസ്റ്റ് ഒഴിവാക്കാന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനൊരുങ്ങുകയാണ് പ്രതികള്‍. ഇതിനുള്ള സാവകാശം കിട്ടാനായി പൊലിസ് മനപൂര്‍വം അവസരമൊരുക്കുന്നുവെന്നാണ് ആക്ഷേപം. 

ഷൈജിത്തിന്‍റെയും സനിത്തിന്‍റെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സൈബര്‍ പൊലിസ് അന്വേഷണം തുടങ്ങി. ലക്ഷങ്ങളാണ് ഷൈജിത്തിന്‍റെ അക്കൗണ്ടില്‍ എത്തിയതെന്നും കണ്ടെത്തി. സെക്സ് റാക്കറ്റ് സംഘമാണ് ദിനംപ്രതി ഷൈജിത്തിന് പണം അയച്ചുകൊണ്ടിരുന്നത്. ഒരു ഘട്ടത്തില്‍ സെക്സ് റാക്കറ്റിന് വേണ്ടി പലരില്‍ നിന്നായി പണം വാങ്ങിയതും റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിച്ചതും  ഷൈജിത്ത് ആണെന്നും നേരത്തെ കണ്ടെത്തിയിരുന്നു. 

മലാപ്പറമ്പ് അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുമായി രണ്ട് പൊലീസുകാര്‍ക്ക് കൂടി ബന്ധമുണ്ടെന്ന കണ്ടെത്തല്‍ കേസിന്റെ ഗൗരവമേറ്റുന്നതാണ്. പിടിയിലായ 3 നടത്തിപ്പുകാരെയും ഇടപാടിനെത്തിയ 2 പേരെയും മറ്റു 4 സ്ത്രീകളെയും ഒരുമിച്ചു ചോദ്യം ചെയ്തപ്പോള്‍ നടത്തിപ്പുകാർക്ക് പ്രതിദിനം ലക്ഷങ്ങൾ വരുമാനം ലഭിക്കുന്നതും അറിഞ്ഞു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തായതും പൊലീസുകാരുടെ പങ്ക് വ്യക്തമായതും.
5 വർഷം മുൻപാണ് നടത്തിപ്പുകാരി ബിന്ദുവുമായി പൊലീസുകാരൻ അടുപ്പം സ്ഥാപിക്കുന്നത്. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്ന പൊലീസുകാരൻ മറ്റൊരു കേസിന്റെ പരിശോധനയ്ക്കു പോയപ്പോഴാണ് യുവതിയെ പരിചയപ്പെടുന്നത്. പിന്നീട് ഫോൺ നമ്പർ വാങ്ങി ബന്ധം തുടരുകയായിരുന്നു എന്നു പൊലീസ് പറയുന്നു. മെഡിക്കൽ കോളജിൽ നിന്ന് ഈ പൊലീസുകാരൻ പിന്നീട് വിജിലൻസിൽ എത്തി. മെഡിക്കൽ കോളജിൽ പുതിയ ഇൻസ്പെക്ടർ ചുമതലയെടുത്തതോടെ പൊലീസുകാരൻ ഇടപെട്ട് അനാശാസ്യ കേന്ദ്രം സ്റ്റേഷൻ പരിധിയിൽനിന്നു മാറ്റുകയും ചെയ്തു.

തിരക്കുള്ള ആശുപത്രികൾക്കു സമീപം ഇത്തരം കേന്ദ്രങ്ങൾ സ്ഥാപിച്ചാൽ ആർക്കും സംശയം ഉണ്ടാകില്ലെന്ന വിലയിരുത്തലിലാണ് മലാപ്പറമ്പിൽ അനാശാസ്യ കേന്ദ്രം തുടങ്ങിയത്. പൊലീസുകാരന്റെ സുഹൃത്തായ യുവാവും ഒപ്പം മറ്റൊരു പൊലീസുകാരനും ചേർന്നാണു പദ്ധതിയിട്ടതെന്നു പൊലീസ് പറഞ്ഞു. നടത്തിപ്പിനു നേരത്തെ പരിചയപ്പെട്ട യുവതിയുടെ സഹായം തേടി. രണ്ടര മാസം മു‍ൻപാണു ബെംഗളൂരു, നെയ്യാറ്റിൻകര, തമിഴ്നാട്, ഇടുക്കി സ്വദേശികളായ യുവതികളെ എത്തിച്ചത്. കോഴിക്കോട് നഗരത്തിൽ മസാജ് സെന്ററുകളും ആയുർവേദ സ്പാകളും സജീവമായ സാഹചര്യം മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രത്തിന് അനുകൂലമായി.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal