മലപ്പുറം ● പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കുകയും ഗർഭഛിദ്രത്തിനുള്ള മരുന്നുനൽകി അലസിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. മലപ്പുറം മങ്ങാട്ടുപുലത്തെ കല്ലൻകുന്നൻ മുഹമ്മദ് ഫാരിഷ്(29) ആണ് മലപ്പുറം പോലീസിന്റെ പിടിയിലായത്. വിവാഹിതനും നാലരവയസ്സുള്ള പെൺകുട്ടിയുടെ പിതാവുമാണ് ഫാരിഷ്. നേരത്തേ വിദേശത്തായിരുന്നു.
ലൈംഗികവൈകൃതമുള്ള ഇയാൾ ആഡംബര ബൈക്കുകളിൽ സ്കൂളുകൾ കേന്ദ്രീകരിച്ചു കറങ്ങും. പെൺകുട്ടികളുടെ ശ്രദ്ധപിടിച്ചുപറ്റുകയും വശീകരിച്ച് ബൈക്കിൽകയറ്റി കൊണ്ടുപോവുകയും ചെയ്യും. വൈകാതെ അവരെ മലപ്പുറത്തും കോഴിക്കോട്ടുമുള്ള വാടകമുറികളിൽ കൊണ്ടുപോയി ലൈംഗികാതിക്രമത്തിനിരയാക്കും. ഇതിന്റെ പേരിൽ പിന്നീട് പെൺകുട്ടികളെ ഭീഷണിപ്പെടുത്തി സാമ്പത്തികത്തട്ടിപ്പ് നടത്തുകയാണ് പതിവ്.
അവിവാഹിതനാണെന്നു പറഞ്ഞാണ് പെൺകുട്ടികളുമായി സൗഹൃദത്തിലാവുന്നത്. സമൂഹമാധ്യമങ്ങൾ വഴിയും ഒട്ടേറേ പെൺകുട്ടികളെ പറ്റിച്ചിട്ടുള്ളതായി പോലീസ് പറയുന്നു. ഇത്തരത്തിൽ ഒരു പെൺകുട്ടിക്ക് ഡോക്ടറുടെ കുറിപ്പില്ലാതെ മലപ്പുറത്തെ ഒരു മെഡിക്കൽഷോപ്പിൽ നിന്ന് ഗർഭഛിദ്രത്തിനുള്ള മരുന്നുവാങ്ങി നൽകി ഗർഭം അലസിപ്പിച്ചു. ഈ കേസിൽ ഇയാൾ കുറേക്കാലം ഒളിവിലായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം പോലീസ് ഇൻസ്പെക്ടർ പി. വിഷ്ണു, സബ് ഇൻസ്പെക്ടർ എസ്.കെ. പ്രിയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. കൊളത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽനിന്നാണ് ഇയാൾ പിടിയിലായത്.
കൂടുതൽ തട്ടിപ്പുനടത്തിയെന്ന സൂചന ലഭിച്ചതുപ്രകാരം മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മലപ്പുറം പോലീസ് ഇൻസ്പെക്ടർ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിന്റെ വിവരമറിഞ്ഞ് കൂടുതൽ പേർ പരാതിയുമായി സ്റ്റേഷനിലെത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. പരമാവധി പരാതികൾ ശേഖരിച്ച് കേസ് രജിസ്റ്റർ ചെയ്യുന്നുണ്ട്. പ്രതിയെ മഞ്ചേരി ജയിലിൽ റിമാൻഡ് ചെയ്തു.
إرسال تعليق