മസ്റ്ററിങ് നടത്തിയില്ല; അഞ്ച് ലക്ഷം കാര്‍ഡുകളിലെ ഒമ്പത് ലക്ഷം പേര്‍ക്ക് ജൂലൈ ഒന്ന് മുതൽ പ്രതിമാസ റേഷന്‍വിഹിതം നഷ്ടമാകും

തിരുവനന്തപുരം ● റേഷന്‍ കാര്‍ഡ് മസ്റ്ററിങ് (ഇ- കെവൈസി അപ്‌ഡേഷന്‍) നടത്താത്ത അഞ്ച് ലക്ഷം കാര്‍ഡുകളിലെ ഒമ്പത് ലക്ഷത്തോളം കാര്‍ഡ് അംഗങ്ങള്‍ക്ക് ജൂലൈ ഒന്നുമുതല്‍ റേഷന്‍ വിഹിതം നഷ്ടമാകും. മഞ്ഞ (എഎവൈ), പിങ്ക് (പിഎച്ച്എച്ച്) കാര്‍ഡുകളിലെ അംഗങ്ങളാണ് ഇ- കെവൈസി മസ്റ്ററിങ് നടത്തേണ്ടത്. ജൂണ്‍ 30നകം മസ്റ്ററിങ് നടത്താത്ത സംസ്ഥാനത്തെ മുന്‍ഗണന വിഭാഗത്തിലുള്ള വര്‍ക്കാണ് പ്രതിമാസ റേഷന്‍ വിഹിതം നഷ്ടപ്പെടുക. ഇതിലൂടെ സംസ്ഥാനത്ത് അരിയും ഗോതമ്പുമുള്‍പ്പടെ 45 ലക്ഷം കിലോ (450 ടണ്‍) റേഷന്‍ ഉല്പന്ന വിഹിതമാണ് കേന്ദ്ര വിഹിതത്തില്‍ നിന്ന് കുറയുന്നത്. ഇത് അനധികൃത റേഷനായി കണക്കാക്കാനും സാധ്യതയുണ്ട്.

ദാരിദ്ര രേഖയ്‌ക്ക് താഴെയുള്ള കാര്‍ഡുകളാണ് മുന്‍ഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് വിഭാഗത്തില്‍പ്പെടുന്നത്. സംസ്ഥാനത്ത് 93 ലക്ഷം കാര്‍ഡുടമകളാണുള്ളത്. ഇതില്‍ 42 ലക്ഷത്തോളം കാര്‍ഡുകളാണ് മസ്റ്ററ്റിങ് നടത്തേണ്ടത്. 1,53,87,123 പേര്‍ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തി ഇ കെവൈസിയിലുടെ മസ്റ്ററിങ് നടത്തേണ്ടതാണ്. 2023ല്‍ ആദ്യഘട്ടത്തില്‍ കണക്ടിവിറ്റി തകരാറിനെ തുടര്‍ന്ന് മാറ്റിവെച്ച മസ്റ്ററിങ് 2024 സപ്തംബര്‍ മുതല്‍ പുനരാരംഭിച്ചുവെങ്കിലും മുന്ന് ഘട്ടങ്ങളിലായി തീയതി നീട്ടി നല്‍കിയാണ് ജൂണ്‍ 30 അന്തിമമായി പ്രഖ്യാപിച്ചത്. കിടപ്പു രോഗികള്‍, ഗുരുതര രോഗബാധിതര്‍ എന്നിവരുടെ മസ്റ്ററിങ്ങിന് പ്രത്യേക സംവിധാനവുമൊരുക്കിയിട്ടുണ്ട്.

കുട്ടികളടക്കമുള്ള കാര്‍ഡംഗങ്ങളാണ് മസ്റ്ററിങ് നടത്താത്തതെന്നാണ് പറയുന്നത്. ഇതിനകം പലഘട്ടങ്ങളിലായി പലരെയും കാര്‍ഡില്‍ നിന്ന് ഒഴിവാക്കിയിരുന്നു. വ്യക്തമായ കാരണങ്ങളില്ലാതെ മസ്റ്ററിങ് നടത്താത്തവരെയാണ് സര്‍ക്കാര്‍ ഒഴിവാക്കുന്നത്. ഇ കെവൈസി അപ്‌ഡേഷന്‍ ചെയ്യാത്തവര്‍ക്ക് എന്‍ആര്‍കെ (നോണ്‍ റെസിഡന്‍ഷ്യല്‍ കേരള) പരിഗണന നല്കി, മുന്ന് മാസത്തിനകം മസ്റ്ററിങ് നടത്തിയാല്‍ കാര്‍ഡില്‍ പേര് ഉള്‍പ്പെടുത്തമെന്ന നിബന്ധനയുമുണ്ട്. കൊവിഡിനെത്തുടര്‍ന്ന് 2021 മുതല്‍ സൗജന്യമായി റേഷന്‍ ലഭിക്കുന്നവരാണ് മുന്‍ഗണന കാര്‍ഡംഗങ്ങള്‍. 

2024 മുതല്‍ പ്രധാനമന്ത്രിയുടെ ഗരീബ് കല്ല്യാണ്‍ അന്നയോജന പദ്ധതിയിലൂടെ മഞ്ഞ കാര്‍ഡിന് 35 കിലോയും പിങ്ക് കാര്‍ഡില്‍ ഒരാള്‍ക്ക് അഞ്ച് കിലോ ഭക്ഷ്യ ധാന്യവും 2029 വരെ സൗജന്യ റേഷന്‍ വിഹിതമായി കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യുകയാണ്. ഇതില്‍ മരിച്ചവരും അര്‍ഹതയില്ലാത്തവരുമടക്കം അനധികൃതമായി റേഷന്‍ വിഹിതം കൈക്കലാക്കുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് ഇ- കെവൈസി അപ്‌ഡേഷന്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. രാജ്യത്തെ ഇരുപതോളം സംസ്ഥാനങ്ങള്‍ അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ട്.




Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal