നെയ്റോബി ● ഖത്തറിൽ നിന്നും ബലിപെരുന്നാൾ അവധിക്ക് കെനിയയിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് താഴ്ചയിലേക്ക് മറിഞ്ഞു മരിച്ചവരിൽ അഞ്ച് മലയാളികൾ.
പാലക്കാട് കോങ്ങാട് മണ്ണൂർ പുത്തൻപുര രാധാകൃഷ്ണന്റെ മകൾ റിയ ആൻ (41), മകൾ ടൈറ (എട്ട്), തൃശൂർ ജില്ലയിൽ നിന്നുള്ള ജസ്‌ന കുറ്റിക്കാട്ടുചാലിൽ (29), മകൾ റൂഹി മെഹ്‌റിൻ (ഒന്നര മാസം), തിരുവല്ല സ്വദേശിനിയായ ഗീത ഷോജി ഐസക് (58) എന്നിവരാണ് മരിച്ചത്.
കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ വെച്ച് തിങ്കളാഴ്ച പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. സംഘം സഞ്ചരിച്ച വാഹനം ശക്തമായ മഴയിൽ നിയന്ത്രണം നഷ്ടമായി മരത്തിലിടിച്ച ശേഷം നൂറ് മീറ്റർ താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു.
ഇരുപത്തിയെട്ടംഗ ഇന്ത്യൻ സംഘമാണ് ബസിലുണ്ടായിരുന്നത്. ഇതിൽ പതിനാലുപേർ മലയാളികളായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെ പ്രദേശത്തെ വിവിധ ആശുപത്രി കളിലായി പ്രവേശിപ്പിച്ചു. മലയാളികൾക്ക് പുറമെ കർണാടക സ്വദേശികളും ഗോവൻ സ്വദേശികളും സംഘത്തിലുണ്ടായിരുന്നു. രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നതിനാൽ മുഴുവൻ യാത്രക്കാർക്കും പരിക്കുകളുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Post a Comment