വീടുകൾ കുത്തിപ്പൊളിച്ച് മോഷണം നടത്തുന്ന `ഖത്തർ ഷെയ്ഖ്`പിടിയിൽ; ബംഗാളില്‍ ധനാഢ്യനും ധര്‍മ്മിഷ്ഠനും

വേങ്ങര ● ആളില്ലാത്ത വീടുകൾ കണ്ടെത്തി കുത്തിപ്പൊളിച്ച് കവർച്ച നടത്തി വെസ്റ്റ് ബംഗാളില്‍ ധനാഢ്യനായി വിലസുന്ന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ സ്വദേശി പെഴക്കപ്പിള്ളി മുടവൂർ പാണ്ടിയാർപ്പിള്ളി വീട്ടിൽ നൗഫൽ എന്ന നൗഫൽ ഷെയ്ക്ക് (39 )നെയാണ് വേങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ 23ന് അർദ്ധരാത്രിയിൽ  പറപ്പൂര്‍ ഇല്ലിപ്പിലാക്കലിലുള്ള പറമ്പിൽ വീട്ടിൽ ജംഷാദിന്റെ ആളില്ലാത്ത വീട് കുത്തിപ്പൊളിച്ച്  പണവും ആഡംബര വാച്ചും മോഷണം നടത്തിയ കേസിലാണ് പ്രതിയെ പിടികൂടിയത്. കൊണ്ടോട്ടി, മഞ്ചേരി, അരീക്കോട്, മങ്കട പെരിന്തൽമണ്ണ, താനൂർ എന്നീ സ്റ്റേഷനുകളിൽ പ്രതിക്കെതിരെ കേസുണ്ട്.  നിരവധി കളവു കേസുകൾ ഉൾപ്പെട്ട്  റിമാൻഡിൽ കഴിഞ്ഞു വന്ന പ്രതി കഴിഞ്ഞമാസം 15 നാണ്  ജാമ്യത്തിൽ ഇറങ്ങിയത്.  

വളാഞ്ചേരി, കൊണ്ടോട്ടി, അരീക്കോട് എന്നീ പോലീസ് സ്റ്റേഷൻ പരിധിയിൽ വീടുകൾ കുത്തി പൊളിച്ച് മോഷണം നടത്തിയതായി പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. വെസ്റ്റ് ബംഗാളിൽ നിന്ന് വിവാഹം ചെയ്ത പ്രതി അവിടെ സ്ഥിരതാമസമാക്കിയ ശേഷം കേരളത്തിൽ വന്ന് മോഷണം നടത്തി ലഭിക്കുന്ന പണവും സ്വർണവും വില പിടിപ്പുള്ള വസ്തുക്കളും ബംഗാളിൽ വിൽപ്പന നടത്തി ആഡംബര ജീവിതം നയിക്കുകയും ഖത്തറിൽ സ്വർണ്ണ ബിസിനസുകാരനാണെന്ന്
ബംഗാളിലെ  നാട്ടുകാരെ പ്രതി തെറ്റിദ്ധരിപ്പിച്ച്  മോഷണം നടത്തി ലഭിക്കുന്ന പണത്തിൽ നിന്ന്  ഒരു പങ്ക് അവിടത്തെ രോഗികളെ സഹായിക്കുകയും വലിയ ധനികനാണെന്ന മട്ടില്‍ അഭിനയിച്ച് വരികയുമായിരുന്നു.  

മലപ്പുറം ഡി വൈ എസ് പി  ബിജു, വേങ്ങര പോലീസ് ഇൻസ്പെക്ടർ രാജേന്ദ്രൻ നായർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം കക്കാട് വെച്ചാണ് പ്രതിയെ പിടികൂടിയത്. വേങ്ങര സബ് ഇൻസ്പെക്ടർ അനിൽ, സീനിയർ സി പി ഒ  ഷബീർ, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ, രഞ്ജിത്ത് രാജേന്ദ്രൻ, വി പി ബിജു, കെ കെ ജസീർ  എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി കേസന്വേഷണം നടത്തുന്നത്.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal