തമിഴ്‌നാട്ടില്‍ നിന്നുള്ള വരവ് കുറഞ്ഞു; സംസ്ഥാനത്ത് മുട്ട വില ഉയർന്ന് കുത്തനെ മേലേക്ക്

മലപ്പുറം ● ട്രോളിംഗ് നിരോധന സമയമായതിനാൽ മത്സ്യത്തിന്റെ വിലക്കയറ്റം മൂലം കോഴിമുട്ട വാങ്ങാമെന്ന് കരുതിയാൽ വില കേട്ടാല്‍ ഞെട്ടും. മുട്ടക്ക് ക്ഷാമം നേരിട്ടതോടെ കേരളത്തിലെ ഹോട്ടലുകാരും തട്ടുകട ഉടമകളും നട്ടംതിരിയുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള മുട്ടയുടെ വരവ് കുറഞ്ഞതും സ്‌കൂള്‍ സീസണായതും മുട്ടക്ക് ക്ഷാമം നേരിടാനും വില കൂടാനും കാരണമായതുമായി വ്യാപാരികള്‍ പറയുന്നു. ചില്ലറ വിപണിയില്‍ വില 6.507 രൂപയായി. നാടൻ കോഴിമുട്ടക്ക് 8-9 രൂപ വരെയാണ് വില.

താറാവു മുട്ടയാകട്ടെ 12-13 രൂപ വരെയായി. ഈ വിലയ്ക്കും നാടൻ താറാവു മുട്ടകള്‍ ആവശ്യത്തിനു കിട്ടാനില്ലെന്ന് വ്യാപാരികള്‍. വീടുകളിലെ കോഴിവളർത്തല്‍ ഗണ്യമായി കുറയുന്നതിനാല്‍ വില കുറയാനുള്ള സാധ്യതയും വ്യാപാരികള്‍ കാണുന്നില്ല.
സംസ്ഥാനത്ത് പക്ഷിപ്പനിയെത്തുടർന്ന് താറാവുകളെയും കോഴികളെയും കുട്ടത്തോടെ കൊന്നൊടുക്കിയശേഷം പല ഫാമുകളും തുറക്കാത്തതാണ് മുട്ടവിലയെ ബാധിച്ചതായി വ്യാപാരികള്‍ പറയുന്നു. 

തമിഴ്നാട്ടിലെ നാമകല്ലില്‍ നിന്നാണ് ജില്ലയിലേക്കുള്ള കോഴിമുട്ട ഏറെയും എത്തുന്നത്. കർണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മുട്ട എത്തിക്കുന്നുണ്ട്. അടുത്തിടെയായി കുടുംബശ്രീ ഗ്രാമീണ മേഖലകളില്‍ നാടൻ കോഴി ഫാമുകള്‍ വൻതോതില്‍ ആരംഭിച്ചിരുന്നുവെങ്കിലം വിപണിയില്‍ കാര്യമായ ചലനമുണ്ടാക്കിയിട്ടില്ല. മുട്ട ശേഖരിച്ച്‌ വിപണനം ചെയ്യുന്നതിന് സർക്കാർ തലത്തില്‍ സംവിധാനമില്ലാത്തതും മുട്ട കൂടുതലുണ്ടെങ്കില്‍ പ്രാദേശിക വിപണികളില്‍ വിറ്റുതീർക്കാനാവുന്നില്ലെന്നതും വലിയ പരാജയമാണ്. കൂടാതെ കോഴിത്തീറ്റവില കൂടിയതും കർഷകരെ പിന്നോട്ടടിക്കുന്നു.

മുട്ടവില ഉയർന്നതോടെ ഹോട്ടലുകാരും തട്ടുകട ഉടമകളും നട്ടംതിരിയുകയാണ്. മിക്ക തട്ടുകടകളുടെയും പ്രധാന വരുമാനം വൈകുന്നേരങ്ങളില്‍ ഉള്ള ഓംലെറ്റും ബുള്‍സ് ഐയുമാണ്. പെട്ടെന്ന് വിലകൂട്ടിയാല്‍ ഉപഭോക്താക്കള്‍ കുറയുമെന്നതിനാല്‍ വിലകൂട്ടാൻ പലരും മടിക്കുകയാണ്. ഹോട്ടലുകളില്‍ മുട്ടറോസ്റ്റിന് രണ്ടു മുതല്‍ അഞ്ചു രൂപ വരെ വർധിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal