അഹമ്മദാബാദ് ● ഗുജറാത്തിലെ അഹ്‌മദാബാദ് എയർപോർട്ടിൽ നിന്നും ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യയുടെ ബോയിങ് വിമാനം തകർന്നുവീണു വിമാനത്തിലുണ്ടായിരുന്ന 241 പേരും മരിച്ചു. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി, മലയാളി നഴ്സ് പത്തനംതിട്ട സ്വദേശിനിയായ രഞ്ജിത ഗോപകുമാരൻ നായർ എന്നിവരും ഉൾപ്പെടുന്നു. വിമാനം പതിച്ചതിന്റെ സമീപപ്രദേശങ്ങളിൽ ജനവാസ കേന്ദ്രമായതിനാൽ മരണ സംഖ്യ ഇനിയും ഉയർന്നെക്കാമെന്നാണ് സൂചന. മേഘാനി നഗറിലെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലേക്കാണ് എയർഇന്ത്യ വിമാനം തകർന്നുവീണത്. ഇന്ന് ഉച്ചക്ക് 1.38 ഓടെയാണ് സംഭവം.
230 ഓളം യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരിൽ 169 പേർ ഇന്ത്യൻ പൗരന്മാരും ബാക്കിയുള്ളവർ വിദേശ പൗരന്മാരുമായിരുന്നു. 2 പൈലറ്റുമാരും 10 ക്യാബിൻ ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു. പറന്നുയർന്നു മിനിറ്റുകൾക്കകം തന്നെ വിമാനം അപകടത്തിൽപെടുകയായിരുന്നു. ഇടിച്ചയുടനെ വിമാനത്തിന് തീപ്പിടിച്ചത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു.
ടേക്ക് ഓഫിനിടെ വിമാനത്തിന്റെ പിൻഭാഗം മരത്തിലോ മറ്റോ തട്ടിയാണ് അപകടമെന്ന് പ്രാദേശിക വാർത്താ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൃത്യമായ അപകടകാരണം വ്യക്തമായിട്ടില്ല.എഞ്ചിൻ തകരാർ എന്നാണ് ഡി ജി സി എയിൽ നിന്ന് ലഭിക്കുന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. സംഭവത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.
Post a Comment