ബേപ്പൂർ ● കേരള തീരത്തോട് ചേർന്ന് അറബിക്കടലിൽ ആവർത്തിക്കുന്ന കപ്പൽ ദുരന്തങ്ങളെ തുടർന്ന് തീരദേശം അതീവ ജാഗ്രതയിൽ. അന്താരാഷ്ട്ര തലത്തിൽ തന്നെ വളരെ അപൂർവമായി സംഭവിക്കുന്ന കപ്പൽ ദുരന്തങ്ങൾ മൂന്നാഴ്ചയ്ക്കിടെ രണ്ടാമതും ആവർത്തിച്ചതാണ് സംസ്ഥാനത്തെ ഏറെ നടുക്കിയിരിക്കുന്നത്.
വിഴിഞ്ഞം തുറമുഖത്തിന്റെ വരവോടെ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ഭീമൻ കപ്പലുകൾ കേരളത്തിലെക്കെതിത്തുടങ്ങുന്നതിന്റെ ആഘോഷങ്ങൾക്കിടയിലാണ് ആശങ്ക സൃഷ്ടിച്ച് കപ്പൽ ദുരന്തങ്ങൾ ആവർത്തിക്കുന്നത്. ഇത് വരും ദിവസങ്ങളിൽ രാജ്യാന്തര കപ്പൽ പാതയിൽ ഏതു നിലയിൽ സ്വാധീനിക്കുമെന്നത് കണ്ടറിയണമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
എം എസ് സി എൽസ 3 എന്ന കപ്പൽ മുങ്ങിയതിന്റെ ഞെട്ടൽ മാറും മുമ്പാണ് ഇന്നലെ രാവിലെ പത്തു മണിയോടെ ബേപ്പൂർ തുറമുഖത്തിൽ നിന്നും 145 കിലോമീറ്റർ അകലെ സിംഗപ്പൂർ പതാകയുള്ള എം വി വാൻ ഹായ് 503 കണ്ടെയ്നർ കപ്പലിന് തീ പിടിച്ചത്. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കപ്പലായിരുന്നു ഇത്.
കപ്പലിലെ കണ്ടൈനറുകളിൽ നിന്നും സമുദ്രത്തിലേക്ക് പതിച്ച അപകടകരമായ പദാർത്ഥങ്ങൾ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് സൂചന. കണ്ടെയ്നറുകളിലെ വിഷവസ്തുക്കൾ കടലിലെ മത്സ്യ സമ്പത്തിനെയും ദോഷകരമായി ബാധിക്കും.
കഴിഞ്ഞമാസം 25ന് കേരളതീരത്ത് നിന്ന് 13 നോട്ടിക്കൽ മൈൽ അകലെ പുറം കടലിൽ മുങ്ങിയ ലൈബീരിയൻ കപ്പലിൽ നിന്നുള്ള ഓയിൽ ചോർച്ച തടയാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. 12 മുങ്ങൽ വിദഗ്ധർ അടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിൽ സീമെക് 3 എന്ന കപ്പൽ ഉപയോഗിച്ചാണ് ദൗത്യം.ഇന്ധനടാങ്കുകളുടെ വാൽവുകളും സുഷിരങ്ങളും തിരിച്ചറിഞ്ഞ് പൂട്ടുകയാണ് ആദ്യഘട്ടം. ശേഷമാകും ടാങ്കിലെ ഓയിൽ ഹോട്ട് ടാപിങ് വഴി നീക്കം ചെയ്യുക. കാലാവസ്ഥ അനുകൂലമാണെങ്കിൽ ജൂലൈ മൂന്നിന് മുൻപായി ഓയിൽ പൂർണ്ണമായും നീക്കം ചെയ്യാനാകും. വെള്ളത്തിന് മുകളിൽ പടർന്ന എണ്ണപ്പാട നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്.
Post a Comment