മലപ്പുറം ● ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം നടന്ന പ്രത്യേക പരിശോധനയിൽ സ്കൂൾ പരിസരങ്ങളിൽ നിന്ന് പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ ഓടിച്ച 46 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു. വിദ്യാർഥികൾ സംഘം ചേർന്ന് തമ്മിലുള്ള സംഘർഷങ്ങൾ, റീൽ നിർമ്മാണം, അശ്രദ്ധമായ ഡ്രൈവിംഗ് എന്നിവ വർധിച്ച സാഹചര്യത്തിലാണ് പോലീസ് പരിശോധന കർശനമാക്കിയത്.
സ്കൂളുകളിൽ പോലീസ് മഫ്തിയിൽ മിന്നൽ പരിശോധന നടത്തിയാണ് പലയിടങ്ങളിലും ഇരുചക്രവാഹനങ്ങൾ പൊക്കിയത്. പിടിച്ചെടുത്ത വാഹനങ്ങൾ കോടതിക്ക് കൈമാറുമെന്നും വാഹനത്തിന്റെ ഉടമസ്ഥനോ രക്ഷിതാവിനോ എതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
പല സ്ഥലങ്ങളിലും കാമ്പസുകൾക്കകത്തും പുറത്തും വിദ്യാർഥികൾ തമ്മിൽ സംഘർഷം പതിവായതും ബൈക്കുകളിൽ റീൽ എടുത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്ചെയ്യുന്നതും തുടർന്നുണ്ടാകുന്ന അടിപിടികളും പോലീസിന് നിരന്തരം തലവേദന സൃഷ്ടിച്ചിരുന്നു. പിടികൂടിയ വാഹനങ്ങളുടെ ആർസി ഉടമകളെ വിളിച്ചുവരുത്തി നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. വരുംദിവസങ്ങളിലും പോലീസിന്റെ നിരീക്ഷണവും മിന്നൽ പരിശോധനകളും തുടരുമെന്ന് അധികൃതർ അറിയിച്ചു.
إرسال تعليق