മൂന്നിയൂർ ● തലപ്പാറയിൽ ഇന്നലെ വൈകുന്നേരം കാറിടിച്ച് തോട്ടിലേക്ക് തെറിച്ചുവീണ യുവാവിനായി തിരച്ചിൽ പുരോഗമിക്കുന്നു. 24 മണിക്കൂർ പിന്നിട്ടിട്ടും യുവാവ് കാണാമറയത്ത്. സ്കൂട്ടർ യാത്രികനായ വലിയപറമ്പ് സ്വദേശി മുഹമ്മദ് ഹാശിറിന് (22) വേണ്ടിയുള്ള തിരച്ചിലാണ് ഊർജ്ജിതമായി തുടരുന്നത്. ഇന്ന് 8 മണി വരെയും ആളെ കണ്ടെത്താനായിട്ടില്ല. തിരച്ചിൽ രാത്രിയും തുടരുമെന്നാണ് വിവരം. പ്രദേശത്ത് വൻ ജനാവലിയാണുള്ളത്.
നാട്ടുകാരുടെയും സന്നദ്ധ സംഘങ്ങളുടെയും സഹകരണത്തോടെ എന്‍ഡിആര്‍എഫ്, സ്‌കൂബ ടീം, ഫയർ ഫോഴ്സ് എന്നിവരുടെ നേതൃത്വത്തിലാണ്
തിരച്ചിൽ പുരോഗമിക്കുന്നത്. വള്ളിക്കുന്ന് നിയോജക മണ്ഡലം എംഎൽഎ പി അബ്ദുൽ ഹമീദ് മാസ്റ്റർ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചിരുന്നു. ഇന്നലെ വൈകുന്നേരം 6.35 ഓടെ കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്.
കൊളപ്പുറം ഭാഗത്തുനിന്ന് തലപ്പാറ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രികനായ ഹാശിർ സമീപത്തെ തോട്ടിലേക്ക് തെറിച്ചുവീണു. ഇടിച്ച യാത്രക്കാരനെ കാണാതായതിനെ തുടർന്ന് നോക്കിയപ്പോൾ തോട്ടിൽ ഒരാൾ മുങ്ങുന്നത് കണ്ടതായാണ് കാർ യാത്രികർ മൊഴി നൽകിയിട്ടുള്ളത്. റോഡിൽ തോടിൻ്റെ ഭാഗത്തെ കൈവരിക്ക് ഉയരം കുറവായത് അപകടത്തിന്റെ തീവ്രത വർദ്ധിപ്പിച്ചു.
Post a Comment