പെരുവള്ളൂർ ● തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ പെരുവള്ളൂരിൽ രാഷ്ട്രീയ നേതാക്കളുടെ കൂടുമാറ്റം തുടരുന്നു. കേരള കോൺഗ്രസ് (എം) വിദ്യാർത്ഥി വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയും പെരുവള്ളൂർ കൂമണ്ണ പൂവത്തന്മാട് സ്വദേശിയുമായ എം ഫവാസ് സിപിഐ വിദ്യാർത്ഥി വിഭാഗമായ എ.ഐ.എസ്.എഫിൽ ചേർന്നു.
ഫോട്ടോ: കേരള കോൺഗ്രസ് (എം) ൽ നിന്നും എ ഐ എസ് എഫിൽ ചേർന്ന ഫവാസ് കൂമണ്ണയെ ദേശീയ സെക്രട്ടറി പി കബീർ പതാക നൽകി സ്വീകരിക്കുന്നു
ഫോട്ടോ: പി ഡി പി യിൽ നിന്നും മുസ്ലിം ലീഗിലെത്തിയ ഷിഹാബുദ്ദീനെ ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ മെമ്പർഷിപ്പ് കൈമാറി സ്വീകരിക്കുന്നു
എ.ഐ.എസ്.എഫ് ദേശീയ സെക്രട്ടറി പി കബീർ സംഘടനയിലേക്ക് സ്വീകരിച്ചു.
മതേതര നിലപാടിലെ വ്യതിയാനവും ചില വിഷയങ്ങളിൽ കൃത്യമായ നിലപാട് സ്വീകരിക്കാൻ സാധിക്കാത്ത പാർട്ടിയുടെ നിലപാടിൽ പ്രതിഷേധിച്ചുമാണ് സംഘടന വിടുന്നതെന്ന് ഫവാസ് പ്രാദേശികം വാർത്തയോട് പ്രതികരിച്ചു. സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ്, അസിസ്റ്റന്റ് സെക്രട്ടറി ഇ. സൈദലവി, എ. ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി എം.കെ മുഹമ്മദ് അർഷാദ്, ജില്ലാ പ്രസിഡന്റ് കെ.പി നിയാസ് എന്നിവർ സ്വീകരണ യോഗത്തിൽ പങ്കെടുത്തു.
പെരുവള്ളൂർ പഞ്ചായത്ത് പിഡിപി പ്രസിഡന്റ് ഷിഹാബുദ്ദീൻ പെരുവള്ളൂർ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിലേക്കാണ് ചുവടുമാറ്റം നടത്തിയത്.
പിഡിപി വിദ്യാർത്ഥി വിഭാഗം ISF ന്റെ മുൻ ജില്ലാ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ മെമ്പർഷിപ്പ് നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു.
പെരുവള്ളൂർ പഞ്ചായത്തിലെ മറ്റു പ്രമുഖ പാർട്ടികളുടെ ചില നേതാക്കൾ കൂടി വിവിധ പാർട്ടികളിലേക്ക് ചേക്കേറാനൊരുങ്ങുന്നതായാണ് പ്രാദേശികം പൊളിറ്റിക്കൽ ഡെസ്ക് റിപ്പോർട്ട് ചെയ്യുന്നത്. പുതിയ വാർഡ് വിഭജനം നടപ്പിലാകുന്ന പ്രഥമ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൂടിയായതിനാൽ പ്രമുഖ പാർട്ടികളെല്ലാം വാർഡ് കമ്മിറ്റികൾ പുനസംഘടിപ്പിച്ച് പ്രവർത്തന ഗോദയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. പഞ്ചായത്തിൽ പുതുതായി രൂപം കൊണ്ട പി വി അൻവറിന്റെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസും സജീവ സാന്നിധ്യമായി മാറാനുള്ള ഒരുക്കത്തിലാണ്.
Post a Comment