കാലിക്കറ്റ് സര്‍വകലാശാല ഗ്രാജ്വേഷന്‍ സെറിമണിയിലെ വേറിട്ട കാഴ്ചകൾ

ഉള്‍ക്കണ്ണില്‍ വെളിച്ചത്തില്‍ സബീന

വേദിയിലെ മിന്നുന്ന വെളിച്ചത്തേക്കാള്‍ തിളക്കമുണ്ടായിരുന്ന സബീന അകക്കണ്ണിന്റെ വെളിച്ചത്തില്‍ നേടിയ ബിരുദത്തിന്. ലക്ഷദ്വീപ് അമ്മിനി സ്വദേശിയായ സബീന ഖാലിദ് കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂരവിഭാഗം വഴിയാണ് ബി.എ. ഇക്കണോമിക്‌സ് ബിരുദം നേടിയത്. ഗ്രാജ്വേഷന്‍ സെറിമണിയിലൂടെ അസല്‍ സര്‍ട്ടിഫിക്കറ്റ് നേരിട്ട് കൈപ്പറ്റാന്‍ സഹോദരി സാഹിറ ഖാലിദിനൊപ്പം സര്‍വകലാശാലയിലെത്തി. റിട്ട. ബാങ്ക് ജീവനക്കാരന്‍ ഖാലിദിന്റെയും സാറോമ്മയുടെയും മകളാണ് സബീന. ഇപ്പോള്‍ മലപ്പുറം ജില്ലയിലെ പുളിക്കലിലുള്ള സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ കോഴ്‌സ് പഠിക്കുകയാണ്.
ഫോട്ടോ: സബീന ഖാലിദ്

ദേശഭാഷകള്‍ കടന്ന് കാഷ്മീരയുടെ ബിരുദനേട്ടം

സ്വദേശം കൊല്‍ക്കത്ത, പഠിച്ചതും വളര്‍ന്നതും ബെംഗളൂരുവില്‍, വിവാഹം കഴിച്ചെത്തിയത് കണ്ണൂരില്‍, ബിരുദം കാലിക്കറ്റില്‍ നിന്ന്. ദേശ-ഭാഷകളുടെ വരമ്പുകള്‍ മറികടന്നാണ് കാഷ്മീര ചക്രബര്‍ത്തിയുടെ ജീവിതയാത്ര. കാലിക്കറ്റ് സര്‍വകലാശാലയുടെ ഗ്രാജ്വേഷന്‍ സെറിമണിയില്‍ ബിരുദസര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാന്‍ പയ്യന്നൂരില്‍ നിന്നാണ് കാഷ്മീര എത്തിയത്. ബംഗാള്‍ സ്വദേശികളായ ദേബ് ദാസ് ചക്രവര്‍ത്തിയുടെയും കനിക ചക്രബര്‍ത്തിയുടെയും മകളാണ് കാഷ്മീര. ഇലക്ട്രിക്കല്‍ ജോലിയുമായി ബെംഗളൂരുവിലായിരുന്നു ഈ കുടുംബം. കാഷ്മീര പ്ലസ്ടു വരെ പഠിച്ചതെല്ലാം ഇവിടെയാണ്. അഞ്ച് വര്‍ഷം മുമ്പ് കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ പടിഞ്ഞാറേ വീട്ടില്‍ ഗിരീഷുമായി വിവാഹം കഴിഞ്ഞതോടെ കേരളത്തിലെത്തി. വിദൂരവിഭാഗം വഴിയാണ് കാലിക്കറ്റില്‍ നിന്ന് ബി.കോം. കോര്‍പ്പറേഷന്‍ നേടിയത്. നാഷ്ണല്‍ കോ-ഓപ്പറേറ്റീവ് കോളേജിലായിരുന്നു പഠനം. ബംഗാളി, കന്നഡ, ഹിന്ദി ഭാഷകള്‍ക്കൊപ്പം അത്യാവശ്യം മലയാളവും കാഷ്മീര കൈകാര്യം ചെയ്യും. ഭര്‍ത്താവ് ഗിരീഷിനൊപ്പം ചടങ്ങിനെത്തിയ ഇവര്‍ക്ക് മൂന്നു വയസ്സുള്ള ഒരു മകളുമുണ്ട്.

ഫോട്ടോ : കാഷ്മീര ചക്രബര്‍ത്തി

പ്രായം ഒരു നമ്പറല്ലേ;
ലോനപ്പന്‍ ബിരുദം നേടിയത് 64-ാം വയസ്സില്‍

ആയുര്‍വേദ മരുന്നുകടയും ക്ലിനിക്കും നടത്തുന്നതിന്റെ തിരക്കുകള്‍ക്കിടയിലും വിദൂര വിഭാഗം വഴി പഠിച്ച് ബിരുദം നേടാനായതിന്റെ സന്തോഷത്തിലാണ് അങ്കമാലി സ്വദേശി കെ. ഒ. ലോനപ്പന്‍. 64-ാം വയസ്സിലാണ് ഈ ബിരുദനേട്ടം എന്നത് ഇരട്ടിമധുരമാകുന്നു. 1977-ല്‍ എസ്.എസ്.എല്‍.സി. ജയിച്ച ശേഷം തുടര്‍പഠനം മുടങ്ങി. പിന്നീട് ജീവിതത്തിരക്കുകളായി. മക്കളെല്ലാം ഉന്നതപഠനം നേടി വിദേശത്ത് ജോലിയില്‍ പ്രവേശിച്ചതോടെ ഭാര്യ ജിജിയുമൊത്ത് ബിസിനസിലായി ശ്രദ്ധ. ഇതിനിടെ 2020-ല്‍ തുല്യതാപഠനം വഴി പ്ലസ്ടു ജയിച്ചു. പിന്നെയാണ് കാലിക്കറ്റിന്റെ വിദൂരവിഭാഗം വഴി ബി.എ. സോഷ്യോളജിക്ക് ചേര്‍ന്നത്. കോണ്ടാക്ട് ക്ലാസും പഠനക്കുറിപ്പുകളും വെച്ച് പഠിച്ചു ജയിച്ചു. സര്‍വകലാശാലയില്‍ നടന്ന ഗ്രാജ്വേഷന്‍ സെറിമണിയില്‍ സദസ്സിലുയര്‍ന്ന വന്‍ കൈയടികള്‍ക്കിടെയാണ് ലോനപ്പന്‍ ബിരുദസര്‍ട്ടിഫിക്കറ്റ് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രനില്‍ നിന്ന് ഏറ്റുവാങ്ങിയത്.
ഫോട്ടോ : കെ.ഒ. ലോനപ്പന്‍

ഹിദാഷിന് അഭിമാനനിമിഷം

സെറിബ്രല്‍ പാള്‍സിയും തുടര്‍ന്ന് നടത്തിയ ചികിത്സകളും കാരണം ഇരുകാലുകള്‍ക്കും ശേഷിയില്ലാതായതിന്റെ വിഷമം ഹിദാഷ് ഒരുനിമിഷത്തേക്ക് മറന്നു. നടക്കാന്‍ പരസഹായം വേണമെങ്കിലും പഠിക്കാന്‍ മിടുക്കനായ ഹിദാഷ് തമീമിന് അഭിമാനനിമിഷമായിരുന്നു ഗ്രാജ്വേഷന്‍ സെറിമണി. കൊടുവള്ളി സി.എച്ച്.എം.കെ.എം. ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നിന്ന് ബി.എ. മലയാളത്തില്‍ ബിരുദം നേടിയ ഹിദാഷ് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാന്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ ഗ്രാജ്വേഷന്‍ സെറിമണിക്കെത്തിയപ്പോഴായിരുന്നു ഈ അഭിമാന മുഹൂര്‍ത്തം. ദുബായില്‍ ജോലി ചെയ്യുന്ന കൊടുവള്ളി കരിങ്കമ ണ്ണുകുഴിയില്‍ അബ്ദുള്‍ഖാദറിന്റെയും സൗദ ഖാദറിന്റെയും മൂത്തമകനാണ് ഹിദാഷ്. ഉമ്മയ്‌ക്കൊപ്പം ഗ്രാജ്വേഷന്‍ സെറിമണിക്കെത്തിയ ഈ മിടുക്കനെ പരീക്ഷാഭവന്‍ ജീവനക്കാരാണ് കൈപിടിച്ച് വേദിയിലെത്തിച്ചത്. യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം പി.ജിക്ക് റഗുലര്‍ പഠനം നടത്താനായില്ലെന്നതാണ് ഹാദാഷിന്റെ വിഷമം. ഇന്ദിരാഗാന്ധി ഓപ്പണ്‍ സര്‍വകലാശാലയില്‍ എം.എ. ഹിസ്റ്ററിക്ക് ചേര്‍ന്നിരിക്കുകയാണിപ്പോള്‍. വിദ്യാര്‍ഥികളായ അമീന ഹിന്ന, ഇഷ ഫാബിയ, ഫാത്തിമ ഹെറിന്‍ എന്നിവരാണ് ഹിദാഷിന്റെ സഹോദരിമാര്‍.
ഫോട്ടോ : ഹിദാഷ് തമീം

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal