മലപ്പുറം ‣ പെരിന്തൽമണ്ണ താഴെക്കോട് കാപ്പുപറമ്പിൽ സ്വകാര്യ ബസിൽ വെച്ച് വയോധികനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതിയെ പെരിന്തൽമണ്ണ പൊലീസ് പിടികൂടി. താഴേക്കോട് ബിടാത്തി സ്വദേശിയായ ഷഹീർ ബാവയെയാണ് അറസ്റ്റ് ചെയ്തത്. തിരക്കേറിയ ബസിൽ കാലിൽ ചവിട്ടിയത് ചോദ്യം ചെയ്തതിനെയാണ് ഷഹീർ ബാവ വയോധികനായ ഹംസയെ മർദ്ദിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെ താഴേക്കോട് നിന്ന് കരിങ്കല്ലത്താണിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലാണ് സംഭവം നടന്നത്. യാത്രയ്ക്കിടെ കാലിൽ ചവിട്ടിയത് ചോദ്യം ചെയ്തതോടെ യുവാവ് പ്രകോപിതനായി കേട്ടാല്‍ അറക്കുന്ന അസഭ്യ വാക്കുകൾ ഉച്ചരിച്ച് ഹംസയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പ്രായമായ ആളെ രക്ഷിക്കാൻ ശ്രമിച്ച മറ്റു യാത്രക്കാർക്ക് എതിരെയും ഇയാൾ തിരിഞ്ഞു.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്നാണ് പെരിന്തൽമണ്ണ പൊലീസ് അന്വേഷണം ശക്തമാക്കിയത്. ഹംസയുടെ ബന്ധുക്കൾ നൽകിയ സൂചനയെ തുടർന്ന് പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ഷഹീർ ബാവയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മർദ്ദനത്തിൽ ഹംസയുടെ തലക്കും മൂക്കിനും ഗുരുതരമായി പരിക്കേറ്റു.
Post a Comment