തേഞ്ഞിപ്പലം ഓൺലൈൻ തട്ടിപ്പ് കേസിൽ ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്കെടുത്ത് നൽകിയ യുവാവിനെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മാവൂർ ചെറുപ്പ തച്ചിലേരി വീട്ടിൽ മുഹമ്മദ് ത്വാഹാ (24) ആണ് പിടിയിലായത്. ചേലേമ്പ്ര പുല്ലിപറമ്പ് സ്വദേശിയുടെ 69 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട സംഭവത്തിലാണ് പോലീസ് ഇൻസ്പെക്‌ടർ അബ്‌ദുൽ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്‌തത്.
പ്രതി പരാതിക്കാരനെ ചതിക്കണമെന്ന ഉദ്ദേശത്തോട് കൂടി ഗൂഗിൾ ചാറ്റ്, ടെലിഗ്രാം ആപ്പ് വഴി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോധ പ്രോപ്പർട്ടീസ് റിയൽ എസ്റ്റേറ്റ് മാർക്കറ്റിംഗ് കമ്പനി എന്ന് പറഞ്ഞ് ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തതായാണ് പോലീസ് പറയുന്നത്. പരാതിക്കാരൻ്റെ സിറിയൻ കത്തേലിക്ക് ബാങ്ക് പുളിക്കൽ ശാഖ, ഫെഡറൽ ബാങ്ക് അക്കൗണ്ട് വഴി 69,76862 ഇന്ത്യൻ രൂപ 20 തവണയായി പല അക്കൗണ്ടുകളിലേക്ക് 2025 സെപ്റ്റംബർ 28 മുതൽ നവംബർ 6 വരെ വിവിധ സമയങ്ങളിൽ ട്രാൻസ്ഫർ ചെയ്യിപ്പിക്കുകയായിരുന്നു.
ഇതിൽ 25 ലക്ഷം രൂപ കൈമാറിയത് വിദ്യാർഥികളടക്കമുള്ള താഹ സംഘടിപ്പിച്ചുകൊടുത്ത അക്കൗണ്ടുകളിലേക്കാണ്. ബാക്കിയുള്ളത് കേരളത്തിനു പുറത്താണ്. പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു.
إرسال تعليق