കോട്ടക്കലില്‍ വ്യാപാരസ്ഥാപനത്തിൽ വന്‍ തീപിടിത്തം; കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി

മലപ്പുറം ‣ കോട്ടക്കലിലെ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം. കടയ്ക്കുള്ളില്‍ കുടുങ്ങിയ ജീവനക്കാരായ മൂന്നു പേരെ ഫയര്‍ ഫോഴ്‌സ് സംഘം രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. ഇവര്‍ക്ക് ഗുരുതരമായ പരുക്കുകളില്ലെങ്കിലും ഇവരെ ആശുപത്രിയിലേക്കു മാറ്റി. ഏറെ നേരത്തെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് ഫയർഫോഴ്‌സിന് തീ അണക്കാനായത്.
        
മഹാലാഭമേള എന്ന പേരില്‍ 200 രൂപയ്ക്ക് എല്ലാ സാധനങ്ങളും വില്‍ക്കുന്ന കടയ്ക്കാണ് തീപിടുത്തം ഉണ്ടായത്. താല്‍കാലികമായി ഉണ്ടാക്കിയ കടയായതിനാല്‍ ഫ്ളക്സുകളും മറ്റും ഉപയോഗിച്ചായിരുന്നു നിര്‍മാണം. ഇത് അപകടത്തിന്റെ ആഘാതം വര്‍ധിക്കാന്‍ കാരണമായി. തൊട്ടടുത്തുണ്ടായിരുന്ന ചെരുപ്പ് കടയിലേക്കും തീ വ്യാപിച്ചു. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെങ്കിലും കട കത്തിനശിച്ചു. 
        
കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തായി സ്ഥാപനത്തിലെ ജീവനക്കാരായ രണ്ടു പെണ്‍കുട്ടികള്‍ സ്ഥിരമായി താമസിക്കുന്നുണ്ടായിരുന്നു. ഇവരെയാണ് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. പെണ്‍കുട്ടികള്‍ മുകളില്‍ കുടുങ്ങി കിടക്കുകയായിരുന്നു. ഒരു ഭാഗത്തെ തീ പൂര്‍ണമായും അണച്ചാണ് പെണ്‍കുട്ടികളെ രക്ഷിച്ചത്. രക്ഷപ്പെടുത്തിയ രണ്ടു പേരില്‍ ഒരാള്‍ക്ക് ചെറിയ തോതില്‍ പരിക്കുകളുള്ളതായും ഇവരെ ആശുപത്രിയിലെത്തിച്ചതായും പറയപ്പെടുന്നു.
         
മലപ്പുറം, പെരിന്തല്‍മണ്ണ, തിരൂര്‍, താനൂര്‍ എന്നിവിടങ്ങളിലെ നാല് ഫയര്‍ ഫോഴ്‌സ് യുണിറ്റുകളാണ് തീ നിയന്ത്രണവിധേയമാക്കിയത്. അതുവഴി സഞ്ചരിച്ച യാത്രക്കാരനാണ് തീപിടുത്തം കണ്ടത്. പിന്നീട് നാട്ടുകാരെയും ഫയര്‍ ഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു. അപകട കാരണം ഷോര്‍ട്ട് സെര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal