മലപ്പുറം ‣ കാലിക്കറ്റ് സർവകലാശാലയിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ജൂനിയർ എഞ്ചിനിയർ ടി. മുഹമ്മദ് സാജിദിനെതിരേ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കേസെടുത്തു. 29 കെട്ടിടങ്ങളിലേക്ക് ഇന്റർനെറ്റ് കേബിളിടാൻ സാധനങ്ങൾ വാങ്ങിയ വകയിൽ സർവകലാശാലയ്ക്ക് 27,42,116 രൂപയുടെ നഷ്‌ടവും കരാറുകാരന് ലാഭവും ഉണ്ടാക്കിയെന്ന പരാതിയിലാണ് കേസ്.
2014-ലാണ് സംഭവം. അക്കാലത്ത് ഇൻസ്ട്രുമെൻ്റേഷൻ എൻജിനിയറായിരുന്നു സാജിദ്.
ആരോപണത്തെത്തുടർന്ന് സാജിദിനെ സിൻഡിക്കേറ്റ് സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് ജോലിയിൽ തരംതാഴ്ത്തി. 2019-ൽ അന്നത്തെ രജിസ്ട്രാർ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്‌തു. പിന്നീട് സാജിദിനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുറ്റവിമുക്തനാക്കി. തുടർന്ന് പഴയ തസ്തികയിൽ തിരികെ പ്രവേശിപ്പിക്കാൻ തീരുമാനമായി.
ഇതിനെതിരേ സിൻഡിക്കേറ്റംഗം എം.ബി. ഫൈസൽ നൽകിയ ഹർജിയിൽ തീരുമാനം സ്റ്റേചെയ്തു. മുസ്ലിംലീഗ് അനുകൂല സംഘടനായ സോളിഡാരിറ്റി ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് മുൻ പ്രസിഡൻ്റാണ് മുഹമ്മദ് സാജിദ്.
Post a Comment