മരം മുറിയില്‍ എസ്പി സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയ എസ്‌.ഐ ജോലി ഉപേക്ഷിച്ചു

മലപ്പുറം ‣ മലപ്പുറം എസ്പി ക്യാമ്പ് ഓഫീസിലെ മരം മുറിയില്‍ എസ്പി സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയ എസ്‌ഐ ജോലി ഉപേക്ഷിച്ചു. സംസ്ഥാന പൊലീസ് മേധാവിക്ക് ജോലി ഉപേക്ഷിക്കുന്നതായി അറിയിച്ച് എസ്‌ഐ ശ്രീജിത്ത് നരേന്ദ്രന്‍ കത്തയച്ചു. പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും തനിക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നും കത്തിലുണ്ട്. മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ഉദ്യോഗസ്ഥനാണ് ശ്രീജിത്ത് നരേന്ദ്രന്‍. ഇദ്ദേഹമാണ് മലപ്പുറം എസ്പി ക്യാമ്പ് ഓഫീസിലെ മരം മുറിയുമായി ബന്ധപ്പെട്ട പരാതി ആദ്യഘട്ടത്തില്‍ ഉന്നയിക്കുന്നത്. 

സുജിത് ദാസിന്റെ പങ്കടക്കം വെളിപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും അന്ന് പരാതി നല്‍കി. പക്ഷെ, ഈ പരാതി ആദ്യം ഫയലില്‍ സ്വീകരിച്ചെങ്കിലും നടപടി ഉണ്ടായില്ല. പകരം തനിക്കെതിരെ പ്രതികാര നടപടി സ്വീകരിച്ചു എന്നുള്ളതാണ് ഈ രാജിക്കത്തില്‍ ശ്രീജിത്ത് സൂചിപ്പിക്കുന്നത്. തന്നെ വ്യക്തിപരമായും കുടുംബത്തെ പോലും അപമാനിക്കുന്ന തരത്തിലാണ് ഇതുമായി ബന്ധപ്പെട്ട സേന മുന്നോട്ട് പോയതെന്ന് അദ്ദേഹം ആരോപിക്കുന്നു. 

തനിക്ക് അനുഭവിക്കാന്‍ കഴിയുന്നതിനപ്പുറമായി, ഇനി സര്‍വീസില്‍ തുടരുന്നതിനോട് യാതൊരു താല്‍പര്യവുമില്ല എന്നെല്ലാമാണ് ചൂണ്ടിക്കാട്ടിയാണ് കത്ത്. സേനയോട് കടപ്പെട്ടിരിക്കുന്നു. എന്നാല്‍, സേനയില്‍ നിന്ന് യാതൊരു വിധത്തിലുള്ള ആനുകൂല്യവും കൈപ്പറ്റാന്‍ ഉദ്ദേശിക്കുന്നില്ല. അത്രത്തോളം വേദന തനിക്കുണ്ട് എന്നുള്ളതാണ് കത്തില്‍ അവസാനമായി സൂചിപ്പിക്കുന്നത്.


Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal