ഹനാൻ ഷായുടെ പരിപാടിയിൽ തിക്കുംതിരക്കും; നിരവധി പേർ കുഴഞ്ഞുവീണു, പൊലീസ് ലാത്തിച്ചാർജ്

കാസർകോട് ‣ കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സ്വകാര്യ സ്ഥലത്ത് സംഘടിപ്പിച്ച സംഗീത പരിപാടിയിൽ ഗായകൻ ഹനാൻ ഷായുടെ ഷോയ്ക്കിടെയുണ്ടായ തിക്കും തിരക്കിൽ നിരവധി പേർ കുഴഞ്ഞു വീണു. കുട്ടികളടക്കമുള്ളവർക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തിരക്ക് നിയന്ത്രണാതീതമായതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തിയാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. 

സ്ഥലത്ത് ഉൾക്കൊള്ളാനാവുന്നതിലും ഇരട്ടിയിലധികം പേരെത്തി ​കാസർകോട്ടെ യുവാക്കളുടെ കൂട്ടായ്മ സംഘടിപ്പിച്ച സംഗീത പരിപാടിയുടെ സമാപന ദിവസമായിരുന്നു. ഗായകൻ ഹനാൻ ഷായെ കാണാനായി സ്ഥലത്ത് ഉൾക്കൊള്ളാൻ കഴിയുന്നതിലും ഇരട്ടിയിലധികം ആളുകളാണ് എത്തിച്ചേർന്നത്. പരിപാടിയുടെ മുഴുവൻ ടിക്കറ്റുകളും നേരത്തെ വിറ്റുപോയിരുന്നു.​ടിക്കറ്റെടുത്ത് അകത്ത് പ്രവേശിച്ചവരേക്കാൾ കൂടുതൽ ആളുകൾ പരിസരത്തും റോഡിലുമായി തടിച്ചുകൂടി. 

ചെറിയ സ്ഥലത്തേക്ക് വലിയ ആൾക്കൂട്ടം തിക്കിത്തിരക്കിയതോടെ പലർക്കും ശ്വാസം മുട്ടൽ ഉൾപ്പെടെയുള്ള ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടായി, നിരവധി പേർ കുഴഞ്ഞുവീണു. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ആവശ്യപ്പെട്ടിട്ടും മാറിപ്പോകാൻ കാണികൾ തയ്യാറായില്ല. കുഴഞ്ഞുവീണവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പോലും തിരക്ക് മൂലം സാധിക്കാത്ത സാഹചര്യമുണ്ടായി. 

ഇതോടെ, ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തി ലാത്തിച്ചാർജ് നടത്തിയാണ് പുറത്ത് കൂടിനിന്ന വലിയ ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. തിരക്ക് ഒഴിപ്പിച്ച ശേഷം കുഴഞ്ഞു വീണവരെ ആശുപത്രികളിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന്, സംഗീത പരിപാടി നിർത്തിവെച്ചതായി സംഘാടകർ അറിയിച്ചു. സംഭവത്തിൽ അഞ്ചുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal