മലപ്പുറം തെന്നലയിൽ വിജയാഹ്ലാദ പ്രകടനത്തിനിടെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സംഭവത്തിൽ സിപിഐഎം മുൻ ലോക്കൽ സെക്രട്ടറി കെ.വി. മജീദിനെതിരെ തിരൂരങ്ങാടി പോലീസ് കേസെടുത്തു. വനിതാ ലീഗ് നേതാവിന്റെ പരാതിയിലാണ് സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തി പോലീസ് നടപടി സ്വീകരിച്ചത്. തെന്നല പഞ്ചായത്തിലെ ഒന്നാം വാർഡിൽ വിജയിച്ച എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയും സിപിഐഎം മുൻ ലോക്കൽ സെക്രട്ടറിയുമാണ് സയ്യിദ് അലി മജീദ്. തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന് പിന്നാലെയായിരുന്നു വനിതാ ലീഗിനെയും സ്ത്രീകളെയും അധിക്ഷേപിച്ച് മജീദ് പ്രസംഗിച്ചത്.
യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം നടത്തിയ വനിതാ ലീഗ് പ്രവർത്തകർക്കെതിരെയായിരുന്നു വിവാദ പരാമർശങ്ങൾ. 'വാർഡ് പിടിച്ചെടുക്കാൻ വേണ്ടി കെട്ടി കൊണ്ട് വന്ന പെണ്ണുങ്ങളെ കാഴ്ച വെക്കരുത്' എന്നും, 'ആണത്തവും ഉളുപ്പും ഉള്ള ആണുങ്ങൾ പെണ്ണുങ്ങളെ രാഷ്ട്രീയത്തിലേക്ക് ഇറക്കിയാൽ മതി' എന്നും മജീദ് പ്രസംഗിച്ചിരുന്നു. സ്ത്രീകൾ വീട്ടിൽ ഇരിക്കേണ്ടവരാണെന്നും, ഭർത്താക്കന്മാരുടെ കൂടെ അന്തിയുറങ്ങാൻ വേണ്ടിയാണ് പെണ്ണുങ്ങളെ കല്യാണം കഴിച്ചുകൊണ്ടുവരുന്നതെന്നും തുടങ്ങി അങ്ങേയറ്റം മോശമായ പരാമർശങ്ങളാണ് പ്രസംഗത്തിലുണ്ടായിരുന്നത്.
രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാൽ ഇതിലും വലുത് കേൾക്കേണ്ടി വരുമെന്നും മജീദ് പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ സയ്യിദ് അലി മജീദ് മാപ്പ് പറഞ്ഞ് രംഗത്തെത്തി. തന്റെ പ്രസംഗം അതിരുകടന്നുവെന്നും ഒഴിവാക്കേണ്ടതായിരുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി പാർട്ടി ലോക്കൽ സെക്രട്ടറി സ്ഥാനം അദ്ദേഹം താൽക്കാലികമായി കൈമാറിയിരുന്നു.
Post a Comment