വേങ്ങര അങ്ങാടിയിൽ ബസ് സ്റ്റാൻഡിന് മുൻവശം വെച്ച് സർക്കാർ നിരോധിച്ച മൂന്നക്ക ലോട്ടറി ചൂതാട്ടം നടത്തി വന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ഇരിങ്ങല്ലൂർ പറപ്പൂർ ആശാരിപ്പടി സുരേന്ദ്രൻ സി.കെ (37) ആണ് വേങ്ങര പോലീസിന്റെ പിടിയിലായത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം.
വേങ്ങര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനിൽകുമാർ എം, എസ്.സി.പി.ഒ ഷബീർ ഒ.കെ എന്നിവർ സ്റ്റേഷൻ പരിധിയിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് അങ്ങാടിയിൽ സംഘടിതമായി നിരോധിത ലോട്ടറി ചൂതാട്ടം നടക്കുന്നതായി രഹസ്യവിവരം ലഭിച്ചത്. തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി നിരീക്ഷണം നടത്തിയപ്പോൾ ആളുകൾ കൂടിനിൽക്കുന്നത് കാണുകയും, പോലീസിനെ കണ്ടതോടെ അവിടെയുണ്ടായിരുന്ന മറ്റുള്ളവർ ഓടിപ്പോവുകയുമായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ സുരേന്ദ്രനെ പോലീസ് തടഞ്ഞുനിർത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഇയാളുടെ ഷർട്ടിന്റെ പോക്കറ്റ് പരിശോധിച്ചപ്പോൾ മൂന്നക്ക നമ്പറുകൾ എഴുതിയ ഒരു തുണ്ട് പേപ്പറും 160 രൂപയും കണ്ടെടുത്തു. കേരള സംസ്ഥാന ലോട്ടറി നറുക്കെടുപ്പിൽ സമ്മാനാർഹമായ ടിക്കറ്റിന്റെ അവസാനത്തെ മൂന്നക്ക നമ്പറുകളെ അടിസ്ഥാനമാക്കി, അമിതാദായം ലക്ഷ്യമിട്ട് ആളുകളിൽ നിന്ന് പണം വാങ്ങി നടത്തുന്ന ചൂതാട്ടമാണിതെന്ന് പ്രതി സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി.
തുടർന്ന് നിയമാനുസൃതമായ നോട്ടീസ് നൽകി പ്രതിയെ അറസ്റ്റ് ചെയ്യുകയും തൊണ്ടി മുതലുകൾ സീസ്സർ മഹസ്സർ പ്രകാരം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിത (BNS) വകുപ്പ് 112, ലോട്ടറീസ് (റെഗുലേഷൻ) ആക്ട് 1998-ലെ വകുപ്പുകൾ 6, 7(3) എന്നിവ പ്രകാരം കേസെടുത്തു.
إرسال تعليق